കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് വാഹനങ്ങൾ എത്തിക്കുന്നത് കണ്ടെത്താനുള്ള അന്വേഷണത്തിൽ സംശയത്തിന്റെ നിഴലിലുള്ള നടൻ അമിത് ചക്കാലക്കലിന്റെ യാത്രകളെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ് തീരുമാനം. പലപ്പോഴായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അമിത് യാത്ര നടത്തിയത് കോയമ്പത്തൂർ റാക്കറ്റിലെ അംഗങ്ങളെ കാണാനായിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ സംശയം.
ഈ യാത്രകൾക്കൊപ്പം അമിത്തിന്റെ സാമ്പത്തിക ഇടപാടുകളും വിദേശയാത്രകളും സംബന്ധിച്ചുള്ള അന്വേഷണവും തുടരും. ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് മോഡലുകളുമായുള്ള വാഹനങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്നതിൽ അമിത് മുഖ്യ ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്തുക എന്നതാണ് അന്വേഷണത്തിന്റെ ലക്ഷ്യം.
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നികുതി വെട്ടിച്ചു കടത്തിയതെന്ന് സംശയിക്കുന്ന എട്ട് വാഹനങ്ങളാണ് അമിത്തിന്റെ ഗാരേജിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത്. എന്നാൽ പിടിച്ചെടുത്തവയിൽ ഒരു കാർ മാത്രമാണ് തന്റേതെന്നും മറ്റുള്ളവ നിർമ്മാണത്തിനായി ആളുകൾ എത്തിച്ചതാണെന്നും അമിത് പറഞ്ഞു. വാഹനങ്ങളിൽ ചിലത് മറ്റ് സംസ്ഥാനങ്ങളുടെ രജിസ്ട്രേഷനിലാണുള്ളത്. ഇതുവരെ ആ വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ നടപടികൾ സ്വീകരിച്ചിട്ടില്ല എന്നതിനാലാണ് ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിപ്പ് നടത്തി ഇന്ത്യയിലേക്ക് എത്തിക്കുന്ന ഇടനിലക്കാരുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് സംശയിക്കുന്നത്.
കഴിഞ്ഞ വർഷം കസ്റ്റംസ് വാഹനക്കടത്ത് നടത്തുന്ന സംഘങ്ങളിൽ കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള റാക്കറ്റിനെ അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബർ 23ന് നടത്തിയ പരിശോധനയിൽ പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരുടെ വീടുകളിൽ പരിശോധന നടത്തിയതിനൊപ്പം അമിത്തിന്റെ ഗാരേജിലും പരിശോധന നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. റെയ്ഡ് നടത്തിയ ശേഷം അർദ്ധ രാത്രി വരെ അമിത്തിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
















