Homepage Featured News World

മെഡിറ്ററേനിയന്‍ കടലിനു മുകളിലൂടെ അറ്റ്‌ലാന്റിക് ആകാശപാത, യൂറോപ്യന്‍ രാജ്യങ്ങള്‍ തൊട്ടില്ല; അറസ്റ്റ് പേടിച്ച് നെതന്യാഹുവിന്റെ പറക്കല്‍

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് പേടിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആകാശയാത്ര. ഇസ്രയേലിലെ ടെല്‍ ആവീവില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനയാത്രയ്ക്കു നെതന്യാഹു തിരഞ്ഞെടുത്തത് യൂറോപ്യന്‍ രാജ്യങ്ങളുടെ ആകാശപാതയിലേക്ക് പ്രവേശിക്കാതെയുള്ള വഴി.

ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് നെതന്യാഹു ഇസ്രയേലില്‍ നിന്ന് യുഎസിലേക്ക് പറന്നത്. ഗാസയിലെ മനുഷ്യഹത്യയെ തുടര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി കഴിഞ്ഞ നവംബറില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ അംഗങ്ങളായ യൂറോപ്യന്‍ രാജ്യങ്ങള്‍ യാത്രാമധ്യേ തന്നെ അറസ്റ്റ് ചെയ്താലോ എന്ന് പേടിച്ചാണ് നെതന്യാഹു മറ്റൊരു ആകാശപാതയിലൂടെ ന്യൂയോര്‍ക്കിലെത്തിയത്.

ഔദ്യോഗിക വിമാനമായ ‘വിങ്‌സ് ഓഫ് സയന്‍’ ഏതാണ്ട് 600 കിലോമീറ്റര്‍ അധികദൂരം സഞ്ചരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സിന്റെ എയര്‍സ്‌പേസിലൂടെ അടക്കം കടന്ന് മധ്യ യൂറോപ്പ് വഴിയാണ് ഇസ്രയേലില്‍ നിന്ന് യുഎസിലേക്കുള്ള പ്രധാന വിമാനമാര്‍ഗം. എന്നാല്‍ ഈ പാത ഒഴിവാക്കുകയാണ് നെതന്യാഹു ചെയ്തത്.

ടെല്‍ ആവീവില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കു പോകുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, ഗ്രീസ് എന്നിവയിലൂടെ കടന്നുപോകണം. എന്നാല്‍ ഇത്തവണ നെതന്യാഹു ഗ്രീസിന്റെയും ഇറ്റലിയുടെയും തെക്കന്‍ മുനമ്പിലൂടെ കടന്ന് മെഡിറ്ററേനിയന്‍ കടലിനു മുകളിലൂടെ അറ്റ്‌ലാന്റിക് വഴി കൂടുതല്‍ ദൂരം സഞ്ചരിച്ചാണ് ന്യൂയോര്‍ക്കിലേക്ക് എത്തിയത്. സഞ്ചാരപാത മാറ്റിയത് സംബന്ധിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ വ്യോമമേഖലയിലൂടെ പറക്കാന്‍ ഇസ്രയേല്‍ അനുവാദം ചോദിച്ചെന്നും അതു നല്‍കിയെന്നും ഫ്രാന്‍സ് പറഞ്ഞു. എന്നാല്‍, ഈ റൂട്ട് ഇസ്രയേല്‍ ഉപയോഗിച്ചില്ല.

തങ്ങളുടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചാല്‍ നെതന്യാഹുവിനെ അറസ്റ്റു ചെയ്യുമെന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നുള്ള ആശങ്കയിലാണ് സഞ്ചാരപാത മാറ്റാന്‍ നെതന്യാഹു നിര്‍ബന്ധിതനായത്. യൂറോപ്യന്‍ രാജ്യങ്ങളുടെ മുകളിലൂടെ പറന്നാല്‍ ചിലപ്പോള്‍ വിമാനം നിലത്തിറക്കേണ്ട സാഹചര്യം ഉണ്ടാകുമോയെന്ന് നെതന്യാഹു ഭയന്നിരുന്നു.

Related Posts