Kerala Lead News News

മണ്ഡലത്തിൽ സജീവമായി രാഹുൽ; പ്രതിഷേധം തുടരാൻ ബിജെപിയും ഡിവൈഎഫ്ഐയും

മുപ്പത്തിയെട്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാലക്കാട് നിയമസഭാ മണ്ഡലത്തിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ്. എന്നാൽ മണ്ഡലത്തിൽ രാഹുലിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ ഒരുക്കാനുള്ള നീക്കത്തിലാണ് ബി ജെ പിയും ഡി വൈ എഫ് ഐയും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടിയെടുത്തെങ്കെലും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരസ്യ പിന്തുണയും ജില്ലാ നേതൃത്വത്തിന്റെ രഹസ്യ പിന്തുണയും ഉണ്ടെന്നാണ്  ബി ജെ പി വിമർശനം. രാഹുൽ വിഷയത്തിൽ കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും ഇരട്ടത്താപ്പാണ്.  

സസ്പെൻഷൻ കൊണ്ട് കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്താണ്. കോൺഗ്രസ് ഓഫീസിൽ കയറ്റാൻ കൊള്ളാത്തവനെ പാലക്കാട് എങ്ങനെ കയറ്റും തുടങ്ങി നിരവധി ചോദ്യങ്ങളാണ് ബി ജെ പി നേതൃത്വം ഉന്നയിക്കുന്നത്. എംഎല്‍എയെ സംരേക്ഷിക്കുന്ന നിലപാട് കോൺഗ്രസ് തിരുത്തണമെന്ന് ബിജെപി പാലക്കാട് സിറ്റി പ്രസിഡണ്ട് പ്രശാന്ത് ശിവന്‍ ആവശ്യപ്പെട്ടു

 എന്നാൽ ഒളിച്ചും പാത്തും മണ്ഡലത്തിൽ എത്തിയ രാഹുലിന്റെ നടപടിയിൽ മറുപടി പറയേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്നാണ് എൻ എൻ കൃഷ്ണദാസ് ആവശ്യപ്പെട്ടു. ദുർഗന്ധം വമിക്കുന്ന രാഹുലിനെ അടുത്തുപോയി തടയില്ല. നിലവിലെസാഹചര്യത്തിൽ രാഹുലിനെ താങ്ങിയാൽ പാർട്ടിയും നാറുമെന്നും സി പി ഐഎം നേതാവ്  കൃഷ്ണദാസ് പറഞ്ഞു.  

പൊതു പരിപാടികളിലും പാർട്ടി പരിപാടികളിലും സജീവമാകാതെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ആദ്യം ദിനം കടന്നു പോയെങ്കിലും തുടർദിവസങ്ങളിലെ രാഹുലിന്‍റെ  നീക്കമെന്തെന്നാണ് പാർട്ടി നേതൃത്വവും സിപിഎമ്മും ബിജെപിയുംഉറ്റുനോക്കുന്നത്. പാർട്ടി നടപടിക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ മണ്ഡലത്തിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ പാലക്കാട് തുടരുകയാണ്. മണ്ണാർക്കാട് തെങ്കരയിൽ മരിച്ച കെ.പി സി.സിസെക്രട്ടറി പി.ജെ പൗലോസിന്റെ ശവസംസ്ക്കാര ചടങ്ങിലും രാഹുൽ പങ്കെടുക്കും. കെ.പി.സി.സിപ്രസിഡന്റ് സണ്ണിജോസഫും ഇവിടെയെത്തുന്നുണ്ട്. 

ഇന്നലെ രാവിലെയാണ്  രാഹുൽ പാലക്കാട് എത്തിയത്. ആദ്യം ഒരു മരണ വീട്ടിലും പിന്നീട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും രാഹുലെത്തി. പിന്നീട് എം എൽ എ ഓഫീസിലെത്തിയ രാഹുലിന് നേരെ പ്രതിഷേധം ഉയർന്നുവെങ്കിലും അത് കാര്യമാക്കാതെ അവിടെ തുടർന്നു.

എന്നാൽ രാഹുൽ മാങ്കൂട്ടത്തിന് ഏതെങ്കിലും തലത്തിലുള്ള പിന്തുണ പാർട്ടിയിൽ നിന്ന് ഉണ്ടാകുന്നില്ലെന്ന് ഡി സി സി പ്രസിഡന്റ്  എ തങ്കപ്പൻ വ്യക്തമാക്കി. പാർട്ടിക്ക് എടുക്കാവുന്ന നടപടി പാർട്ടി എടുത്തിട്ടുണ്ട് ഒരാളോട് സഹകരിക്കേണ്ടെന്നും സംസാരിക്കേണ്ടെന്നും ആരേയും വിലക്കാനാവില്ല. രാഹുൽ മാങ്കൂട്ടത്തിന് ഇവിടെ ഊരുവിലക്കില്ല. പരിചയക്കാരെ കാണാം സംസാരിക്കാം കൈ കൊടുക്കാം കുശലാന്വേഷണം നടത്താം എന്നിങ്ങനെ അദ്ദേഹം ചില ന്യായങ്ങൾ നിരത്തുകയും ചെയ്തു.പക്ഷേ നേതൃത്വത്തിൽ തന്നെ രാഹുൽ മാങ്കൂട്ടത്തിനെതിരെ പരസ്യനിലപാട് ആരും സ്വീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

പ്രതിഷേധം പലതരത്തിൽ കടുക്കുന്നുണ്ടെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ  ഇന്നും എം.എൽ.എ ഓഫീസിൽ എത്തും. മണ്ഡലത്തിന്‍റെ  വികസന പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തും. ചില വ്യക്തിഗത സന്ദർശനങ്ങളാണ് രാഹുൽ ഇന്ന് തീരുമാനിച്ചിരിക്കുന്നത്. എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന 20 വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായിമണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങളിലും രാഹുൽ ദർശനം നടത്തും. നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള സ്വകാര്യചടങ്ങുകളിലു രാഹുൽ പങ്കെടുക്കുമെന്നാണ് സൂചന. പ്രതിഷേധങ്ങളെ തത്കാലം മുഖവിലക്കെടുക്കേണ്ടതില്ല എന്ന ഉറച്ച തീരുമാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ.

Related Posts