India Lead News News

1000 രൂപയുടെ ടീ-ഷർട്ടിന് 117 രൂപ നികുതി കൊടുത്തിരുന്ന കാലം പോയി; ഇന്നത് 35 രൂപയെന്ന് മോദി

ഡൽഹി: ജിഎസ്ടി പരിഷ്കരണം പാവപ്പെട്ടവരുടെയും മധ്യവർഗ്ഗത്തിന്റെയും മേലുണ്ടായിരുന്ന നികുതി ഭാരം കുറച്ചുവെന്ന് നരേന്ദ്ര മോദി. 2014 നു മുൻപ് വസ്തുക്കൾക്ക് പല നികുതിയായിരുന്നു. ഈ സാഹചര്യം മാറി. ജിഎസ്ടി പരിഷ്കരണം ഇന്ത്യയുടെ വളർച്ചയ്ക്ക് പുതിയ ചിറകുകൾ നൽകുമെന്നും ഉത്തർ പ്രദേശ് ഇന്റർനാഷ്ണൽ ട്രേഡ് ഷോ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 1000 രൂപയുടെ ഒരു ഷർട്ടിന് 117 രൂപയോളം നികുതി നൽകേണ്ടിയിരുന്ന സാഹചര്യത്തിൽ നിന്ന് ഇന്നത് 35 രൂപയായാണ് കുറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

“1000 രൂപയുടെ ഒരു ഷർട്ടിന് 117 രൂപയോളം നികുതി നൽകേണ്ടിയിരുന്നു. ജിഎസ്ടിയിലൂടെ കേന്ദ്ര സർക്കാർ പരോക്ഷ നികുതിയിൽ പരിഷ്കരണം കൊണ്ടുവന്നപ്പോൾ അത് 117 ൽ നിന്ന് നികുതി 50 ആയി കുറഞ്ഞു. പുതിയ നികുതി പരിഷ്കരണത്തിനു ശേഷം ഇത് 35 രൂപ മാത്രമായി കുറയും.” നരേന്ദ്ര മോദി പറഞ്ഞു.

ജിഎസ്ടി 2.0 പരിഷ്കരണത്തിലൂടെ 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചു. ഇത് ജനങ്ങൾക്ക് കൂടുതൽ സാമ്പത്തിക നേട്ടം നൽകി. തത്കാലം പരിഷ്കരണം ഇവിടെ നിർത്തുകയാണ് എന്നാൽ സമ്പദ് വ്യവസ്ഥ ശക്തിപ്പെട്ടാൽ നികുതി ഇനിയും കുറയുമെന്നും മോദി.

“പ്രതിരോധ മേഖലയിൽ ഇന്ത്യ വളർച്ച നേടുകയാണ്. പ്രതിരോധ മേഖലയിൽ ഉപയോ​ഗിക്കുന്ന ഉപകരണങ്ങളുടെ ഭാ​ഗങ്ങളിൽ മെയ്ഡ് ഇൻ ഇന്ത്യ മാർക്ക് കാണുന്നു. റഷ്യയുമായി ചേർന്ന് ഉത്തർപ്രദേശിലെ ഫാക്ടറികളിൽ എകെ 203 റൈഫിളുകൾ ഉടനെ തന്നെ നിർമ്മിക്കാനൊരുങ്ങുകയാണ്. ഇന്ത്യയിൽ നിർമ്മിക്കാൻ കഴിയുന്നതെല്ലാം ഇന്ത്യയിൽ തന്നെ നിർമ്മിക്കണം.” മോദി വ്യക്തമാക്കി.

സെപ്റ്റംബർ 22 നാണ് രാജ്യത്ത് ജിഎസ്ടി പരിഷ്കരണങ്ങൾ നിലവിൽ വന്നത്. നികുതി വ്യവസ്ഥകളിൽ കാതലായ മാറ്റം വരുത്തിക്കൊണ്ടായിരുന്നു പുതിയ നികുതി പരിഷ്കരണം നിലവിൽ വന്നത്. നികുതി കുറഞ്ഞ പ്രീമിയം ഉത്പന്നങ്ങളുടെ വിൽപ്പനയിൽ വർധനവുണ്ടായതായും എന്നാൽ എൻട്രി ലെവൽ ഉത്പന്നങ്ങൾ വാങ്ങുന്നത് കുറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ചില വസ്തുക്കളെ പൂർണമായും ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കിയപ്പോൾ ആഢംബര വസ്തുക്കൾക്ക് കുത്തനെ നികുതി വർധിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ജിഎസ്ടി 2.0. 

Related Posts