ഓപറേഷൻ നുംഖോറിൽ നടൻ അമിത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിനു കസ്റ്റംസ് തയ്യാറെടുക്കുന്നു. അമിത്തിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന. അമിത പറഞ്ഞ കാര്യങ്ങൾ കസ്റ്റംസ് പൂർണമായും വിശ്വസിച്ചിട്ടില്ല. പ്രത്യേകിച്ച് ഇയാളുടെ റഫറൻസിൽ ഗ്യാരേജിൽ വന്ന വാഹനങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ. ഇത് അമിത് ഇടനിലക്കാരനായി വില്പനയ്ക്ക് വേണ്ടി എത്തിച്ചതാണെന്ന് സംശയമാണ് അന്വേഷണസംഘത്തിലുള്ളത്.
അന്തർ സംസ്ഥാന വാഹന ഇടപാടുകാരുമായും അമിത്തിന് ബന്ധമുണ്ട്. പ്രത്യേകിച്ച് കോയമ്പത്തൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആഡംബര വാഹനങ്ങളുടെ ഇടനിലക്കാരുമായി. കോയമ്പത്തൂർ സംഘവുമായുള്ള അമിതിന്റെ ബന്ധവും അന്വേഷിക്കുകയാണ്. താരങ്ങൾക്കടക്കം വാഹനങ്ങൾ എത്തിച്ചു നൽകുന്നത് അമിത് കൂടി അറിഞ്ഞുകൊണ്ടാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
ഇതിന്റെ വിശദാംശങ്ങൾ ചോദിച്ചറിയാനാണ് അമിത്തിനെ വീണ്ടും വിളിപ്പിക്കുന്നത്. ബിനാമി ഇടപാടുകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. അമിത്തിന്റെ വീട്ടിൽനിന്ന് ഒരു വാഹനവും ഗാരേജിൽ നിന്ന് ആറു വാഹനങ്ങളുമാണ് കസ്റ്റംസ് പിടികൂടിയത്.
എന്നാൽ ഇതിൽ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് മാത്രമാണ് തന്റെതെന്നാണ് അമിത് പറഞ്ഞിട്ടുള്ളത്. മറ്റുള്ളവ തന്റെ റഫറൻസിൽ ഗ്യാരേജിൽ പണിക്കുവേണ്ടി കൊണ്ടുവന്നിട്ടുള്ളതാണെന്നാണ് അമിത കസ്റ്റംസിന് മൊഴി നൽകിയത് ഇവരുടെ മേൽവിലാസവും ഫോൺ നമ്പറുകൾ അടക്കവും കസ്റ്റംസിന് കൈമാറിയതായും അമിത് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാഹനങ്ങൾ ഇവർക്ക് കച്ചവടം നടത്തിയതിൽ അമിത്തിന് പങ്കുണ്ടോ എന്നതാണ് കസ്റ്റംസ് ഇപ്പോൾ പരിശോധിക്കുന്നത്.
















