തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥ റിപ്പോർട്ട്. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. മഴ കൂടുതൽ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചിലപ്പോൾ 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. സെപ്റ്റംബർ 25 മുതൽ സെപ്റ്റംബർ 27 വരെ ഈ തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
26-ന് മലപ്പുറം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ന്യൂനമർദം കൂടുതൽ ശക്തി പ്രാപിക്കുന്നതോടെ മുന്നറിയിപ്പ് ഓറഞ്ച് അലർട്ടിലേക്ക് ഉയർത്താൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറുമെന്നാണ് വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ഈ ന്യൂനമർദം ആന്ധ്രാ തീരത്തേക്ക് കടക്കുമെങ്കിലും അതിൻ്റെ സ്വാധീനം കേരളത്തിലുടനീളം ശക്തമായ മഴയ്ക്ക് കാരണമാകും. സെപ്റ്റംബർ 28-ന് ശേഷം മഴയുടെ ശക്തി കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
















