കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി. ഇത് മൂന്നാം തവണയാണ് ഹൈക്കോടതി ഉത്തരവ് നീട്ടുന്നത്. ഈ മാസം 30ന് ടോൾ പിരിവ് പുനഃസ്ഥാപിക്കുന്നത് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ആമ്പല്ലൂരിലേയും മുരിങ്ങൂരിലേയും സുരക്ഷാ പ്രശ്നങ്ങൾ ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നുവെന്ന് കളക്ടർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കോടതി നടപടി.
അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ആഴത്തിൽ മണ്ണ് എടുത്ത് മാറ്റിയിട്ടുണ്ട്. ഈ ഭാഗത്തെ സർവീസ് റോഡ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ട്. ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കരാർ കമ്പനിയെ അറിയിച്ചെങ്കിലും അതിൽ തീരുമാനമൊന്നും ഉണ്ടായില്ലെന്ന് കലക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സർവീസ് റോഡുകളുടെ കാര്യത്തിൽ സ്ഥിരമായി മോണിറ്ററിങ് സംവിധാനം ഉറപ്പാക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചെങ്കിലും കേസ് ഈ മാസം 30-ലേക്ക് നീട്ടുകയായിരുന്നു.
അതേസമയം, പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ച് കരാർ കമ്പനി. അഞ്ച് മുതൽ പത്ത് രൂപ വരെയാണ് വിവിധ വാഹനങ്ങൾക്ക് ടോൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. നിരക്ക് വർധനവുമായി ബന്ധപ്പെട്ട കരാര്‍ കമ്പനിയായ ജിഐപിഎല്ലിന്റെ ആവശ്യം ദേശീയ ഹൈവേ അതോറിറ്റി അംഗീകരിക്കുകയായിരുന്നു. ടോൾ പിരിവ് പുനരാരംഭിക്കുന്നതോടെ പുതുക്കിയ നിരക്ക് നിലവിൽ വരും.
കാറുകൾക്ക് ഒരു ഭാഗത്തേക്ക് പോകാൻ 90 രൂപ നൽകിയിരുന്നത് ഇനി 95 ആകും. ദിവസം ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 140 രൂപയെന്നതിൽ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് 160 രൂപയെന്നത് 165 രൂപയാകും. ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് 240 എന്നത് 245 ആകും. ബസ്, ട്രക്ക് എന്നിവയ്ക്ക് 330, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 495. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 530, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 795 രൂപയുമാണ് ഈടാക്കുക.
















