Homepage Featured News World

യു എന്നിൽ നടന്നത് അട്ടിമറി; സീക്രട്ട് സർവീസ് അന്വേഷണം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ തൻ്റെ സന്ദർശനത്തിനിടെയുണ്ടായ സാങ്കേതിക തകരാറുകൾ യാദ്യശ്ചികമല്ലെന്നും മനപ്പൂർവമുള്ള അട്ടിമറിയാണെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. തനിക്കെതിരെ മൂന്നോളം നീക്കങ്ങളാണുണ്ടായത്. സ്തംഭിച്ച എസ്കലേറ്റർ, 15 മിനുട്ടിനു ശേഷം മാത്രം പ്രവർത്തിച്ച ടെലി പ്രോംറ്റർ, ഓഡിറ്റോറിയത്തിലെ ശബ്ദസംവിധാനങ്ങളിലുള്ള പ്രശ്നങ്ങൾ എല്ലാം ഇതിന്റെ സൂചനയാണെന്നാണ് ട്രംപ് ചൂണ്ടിക്കാട്ടുന്നത്. താനും ഭാര്യയും രക്ഷപ്പെട്ടത് വൻ ദുരന്തത്തിൽ നിന്നാണെന്നും അദ്ദേഹം പറയുന്നു. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ട്രംപ് പ്രതികരിച്ചത്. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സീക്രട്ട് സർവീസ് രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കിങ് ഹാളിലേക്കുള്ള എസ്കലേറ്റർ പെട്ടെന്ന് സ്തംഭിച്ചുവെന്നും താനും ഭാര്യ മെലാനിയയും സ്റ്റീൽ പടികളിൽ തലയിടിച്ചു വീഴാതിരുന്നത് ഭാ​ഗ്യം കൊണ്ടാണെന്നും ട്രംപ് പറയുന്നു. വീണിരുന്നെങ്കിൽ വലിയ ദുരന്തമായേനെ. യുഎന്നിൽ സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും ടെലി പ്രോംറ്റർ ഓഫായി, ഓഡിയോ സംവിധാനങ്ങളും തകരാറിലായിരുന്നു. ലണ്ടൻ ടൈംസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ എസ്കലേറ്റർ നിന്നതിനെക്കുറിച്ച് തമാശയായാണ് യു എന്നിലെ ജീവനക്കാർ പ്രതികരിച്ചത്. അവരെ അറസ്റ്റു ചെയ്യുകയാണ് വേണ്ടതെന്നും ട്രംപ് പറയുന്നു.

പ്രസം​ഗിക്കാനായി ഒരുങ്ങിയപ്പോൾ ടെലി പ്രോംറ്റർ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ടെലിവിഷനിലൂടെ ദശലക്ഷക്കണക്കിനാളുകൾ തന്നെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. പ്രധാനപ്പെട്ട നിരവധി നേതാക്കൾ ഹാളിലുണ്ടായിരിന്നു. അതിനിടെയാണ് ടെലിപ്രോംറ്റർ പ്രവർത്തന രഹിതമായത്. തുടർന്ന് ടെലിപ്രോംറ്റർ ഇല്ലാതെ പ്രം​ഗിക്കാൻ തുടങ്ങിയപ്പോൾ 15 മിനുട്ടിനു ശേഷം പ്രോംറ്റർ പ്രവർത്തിച്ചു. താൻ ടെലിപ്രോംറ്റർ ഇല്ലാതെ നടത്തിയ പ്രസം​ഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആരും ഇങ്ങനെ ചെയ്യാൻ തയ്യാറാവണമെന്നില്ല എന്ന് നിരവധി പേരാണ് പ്രതികരിച്ചത്, ട്രംപ് പറയുന്നു.

അവിടെയും പ്രശ്ലങ്ങൾ തീർന്നില്ല. പ്രസം​ഗം അവസാനിച്ചശേഷം തന്റെ ഭാര്യ മെലാനിയയോട് ട്രംപ് പ്രസം​ഗം എങ്ങനെയുണ്ടായിരുന്നുവെന്ന് ചോദിച്ചു. മുൻ നിരയിലിരുന്നിട്ടും തനിക്ക് പ്രസംഗം കേൾക്കാൻ കഴിഞ്ഞില്ലെന്നായിരുന്നുവത്രേ മെലാനിയയുടെ മറുപടി. ഓഡിറ്റോറിയത്തിലെ ശബ്ദ സംവിധാനത്തിൽ ​ഗുരുതര പാളിച്ചകളായിരുന്നു ഉണ്ടായിരുന്നത്. എന്തായാലും വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് സെക്രട്ടറി ജനറലിന് കത്തു കൈമാറുമെന്നാണ് ട്രംപ് പറയുന്നത്.

Related Posts