ഛണ്ഡീഗഡ്: സിപിഐയുടെ ജനറൽ സെക്രട്ടറിയായി ഡി രാജ തന്നെ തുടരും. 76 വയസ്സുള്ള ഡി രാജയ്ക്ക് പ്രായപരിധിയിൽ ഇളവു നൽകിയാണ് സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുമതി നൽകിയത്. നേരത്തേ നിശ്ചയിച്ച പ്രകാരമുള്ള 75 വയസ്സെന്ന പ്രായപരിധി കർശനമായി പാലിക്കണമെന്നായിരുന്നു സിപിഐ കേരള ഘടകത്തിന്റെ നിലപാട്.
പ്രായ പരിധി മുൻ നിർത്തി മറ്റു നേതാക്കളെ ദേശീയ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ താൻ പാർട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണെന്നും തന്നെ തുടരാനനുവദിക്കണമെന്നും സെക്രട്ടറിയേറ്റ് യോഗത്തിൽ രാജ പറഞ്ഞു. ഇതോടെയാണ് കേരള ഘടകം നിലപാടിൽ നിന്ന് പിന്നോട്ടു പോയത്. മൂന്നര മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷമാണ് യോഗം തീരുമാനത്തിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുമ്പ് ഉയർന്നു കേട്ട പേര് എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗറിന്റേതായിരുന്നു. ഡി രാജ സ്ഥാനത്തു തുടരാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെ അമർജീത് കൗറും ദേശീയ സെക്രട്ടറി ആനി രാജയും മൗനം പാലിച്ചു. സിപിഐ മഹാരാഷ്ട്ര ഘടകം രാജയെ അനുകൂലിച്ചു. ഇതോടെ ഡി രാജ തുടരാൻ തീരുമാനിക്കുകയായിരുന്നു. ബിഹാർ, ജാർഖണ്ഡ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും തീരുമാനത്തോട് യോജിച്ചു.
അതേസമയം പുതിയ നേതൃത്വത്തെ കൊണ്ടു വരണമെന്ന നിലപാടിലായിരുന്നു ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങൾ. പ്രായപരിധി നിശ്ചയിച്ച പ്രകാരം ഡോ. കെ നാരായണ, പല്ലഭ് സെൻ ഗുപ്ത, സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓജ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിലെ നേതൃപദവികളിൽ നിന്നൊഴിഞ്ഞ മുൻ അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരനും ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാകും. കേരളത്തിൽ നിന്ന് രണ്ടു പേരെ പുതുതായി തിരഞ്ഞെടുത്തേക്കും. ടി.ജെ ആഞ്ചലോസ്, ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവരെയാകും തിരഞ്ഞെടുക്കുകയെന്നാണ് റിപ്പോർട്ടുകൾ.
















