Homepage Featured Kerala News

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫിയ്ക്കെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി; സിപിഎമ്മിൻ്റെ തെര‍ഞ്ഞെടുപ്പ് തന്ത്രമെന്ന് ഷാഫി

പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപിച്ചു.

രാഹുലിനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സസ്പെൻഡ് ചെയ്തതിന് പിന്നിലും ഒരു കാരണമുണ്ട്. വന്ന് വന്ന് മുറത്തിൽ കൊത്തിയപ്പോഴാണ് നടപടി ഉണ്ടായത്. അത് എന്താണെന്ന് വഴിയെ അറിയാമെന്നും സുരേഷ് ബാബു പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് അംഗീകരിക്കില്ല എന്നും, പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത് ശക്തമായ നടപടിയാണെന്നും, രാജി വെക്കണമെന്നും ഷാഫി പറയാൻ വെല്ലു വിളിക്കുകയാണ്. അതിനുള്ള ധൈര്യം ഷാഫിക്കുണ്ടാവില്ല. ഈ കാര്യത്തിൽ കൂട്ടുകച്ചവടമാണ്. രാഹുലിന്‍റെ ഹെഡ് മാഷ് ആണ് ഷാഫി. പിന്നെ എങ്ങനെയാണ് രാഹുലിനോട് കാര്യങ്ങൾ ചോദിക്കുകയെന്ന് സുരേഷ് ബാബു ആക്ഷേപിച്ചു.

ലൈംഗിക പീ‍ഡന ആരോപണം നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമായതിന് പിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെയും ഗുരുതര ലൈംഗിക ആരോപണം ഉയ‍ർന്നിരിക്കുന്നത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടെത്തിയത് യുഡിഎഫ് നേതൃത്വത്തിൻ്റെ മൗനാനുവാദത്തോടെയാണെന്നും ആരോപണം ഉയർന്നിരുന്നു. 38 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാഹുൽ കഴിഞ്ഞ ദിവസം പാലക്കാടെത്തിയത്.

ഇത് ആരോപണമല്ല, അധിക്ഷേപമാണെന്ന് ആരോപണങ്ങൾക്കെതിരെ ഷാഫി പറമ്പിൽ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകും. പരാമർശങ്ങൾ മറുപടി പോലും അർഹിക്കുന്നില്ല. ഇതാണോ 2026ലെ സിപിഎമ്മിൻ്റെ തെര‍ഞ്ഞെടുപ്പ് തന്ത്രമെന്ന് നേതാക്കൻമാർ വ്യക്തമാക്കണം. ഇതാണോ സിപിഎമ്മിൻ്റെ രാഷ്ട്രീയം. ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കലാണോ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.

Related Posts