കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിൽ എത്തിച്ച തട്ടിപ്പിൽ കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്താൻ തീരുമാനം. തട്ടിപ്പിന്റെ ഭാഗമായി വ്യാപക കള്ളപണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തിയതിനാൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും. നികുതി വെട്ടിപ്പ് വിഷയം കേന്ദ്ര ജിഎസ്ടി വിഭാഗവും അന്വേഷിക്കും. തട്ടിപ്പിൽ എംബസികളുടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കിയത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. കള്ളക്കടത്തിലെ സാമ്പത്തിക ഇടപാടുകൾ, രേഖകൾ എന്നിവ ഭൂരിഭാഗവും നിയമവിരുദ്ധമാണ് എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ അതാത് സംസ്ഥാനങ്ങളോട് വാഹനങ്ങളുടെ രജിസ്ട്രേഷൻ ഉൾപ്പടെയുള്ള രേഖകൾ റദ്ദാക്കാൻ ആവശ്യപ്പെടും.
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കേരളത്തിലേക്ക് എത്തിച്ച ഇരുനൂറോളം ആഡംബര കാറുകൾ കണ്ടെത്തുന്നതിനായി ചൊവ്വാഴ്ച കസ്റ്റംസ് പ്രവൻറീവ് വിഭാഗം വ്യാപക റെയ്ഡാണ് നടത്തിയത്. നടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീടുകളിലും കേരളത്തിലെ മുപ്പതോളം കേന്ദ്രങ്ങളിലുമായാണ് പരിശോധന നടത്തിയത്. വിവിധ എംബസികൾ, ഇന്ത്യൻ സൈന്യം, വിദേശ കാര്യമന്ത്രാലയം ഉൾപ്പടെയുള്ള പേരിൽ വ്യാജരേഖകൾ നിർമ്മിച്ചാണ് സിനിമാ താരങ്ങൾക്കും വ്യവസായികൾക്കും ഇടനിലക്കാർ ആഡംബര കാറുകൾ വിറ്റത്. പിഴ അടച്ചത്ത് കൊണ്ട് മാത്രം കേസ് തീർക്കാൻ സാധിക്കില്ല എന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ചൊവ്വാഴ്ച വൈകിട്ട് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
അന്വേഷണത്തിൽ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ നിന്ന് 2 കാറുകളും മലപ്പുറം, കോഴിക്കോട് മേഖലകളിൽ നിന്ന് 11 വാഹനങ്ങളുമാണ് ഇതുവരെ കസ്റ്റംസ് പിടിച്ചെടുത്തത്. കൂടുതൽ വാഹനങ്ങൾ ഉണ്ടെങ്കിൽ അവ ഹാജരാക്കാൻ ദുൽഖറിന് കസ്റ്റംസ് സമൻസ് നൽകിയിട്ടുണ്ട്. വീട്ടിൽ നിന്ന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തതിൽ നടനും വാഹന ഡീലറുമായ അമിത് ചക്കാലക്കലിന്റെ വീട്ടിൽ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. അനിത്തിനെ കസ്റ്റംസ് അർദ്ധ രാത്രി മുഴുവൻ ചോദ്യം ചെയ്തിരുന്നു. വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിച്ചതായി സംശയങ്ങൾ കസ്റ്റംസ് കമ്മീഷണർ ഉന്നയിച്ചതിനാൽ ഈ വിഷയത്തിൽ ഇഡിയും കേസെടുക്കാനുള്ള സാധ്യതകളുണ്ട്.
















