തിരുവനന്തപുരം: ബിജെപി ഒന്നും ചെയ്യുന്നില്ല, കേന്ദ്ര സർക്കാർ ആവട്ടെ വിശ്വാസികൾക്കായി ഒന്നും ചെയ്തുമില്ല. നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചുമില്ലെന്ന് ജി സുകുമാരൻ നായർ. ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതില്‍ എന്‍എസ് എസിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിനെ എൻഎസ്എസ്സിന് വിശ്വാസമാണ്. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്നും ജി സുകുമാരൻ നായർ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം അത് ചെയ്തില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിനും ബിജെപിക്കും എതിരെ അദ്ദേഹം ആഞ്ഞടിച്ചു. കോൺഗ്രസിന്‍റേത് കള്ളക്കളിയാണ്. വിശ്വാസപ്രശ്നത്തിൽ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല. ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല എന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.
എല്‍ഡിഎഫ് സർക്കാർ ആചാരം സംരക്ഷിക്കാൻ നടപടി എടുക്കുകയാണെന്ന് സുകുമാരൻ നായർ പറഞ്ഞു . ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സ്ത്രീപ്രവേശന വിധിക്കെതിരെ എൻഎസ്‌എസ് നാമജപ ഘോഷയാത്ര നടത്തി. കോണ്‍ഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്.
ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എൻഎസ്‌എസിന് സർക്കാർ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് സർക്കാർ ആചാരത്തിനെതിരെ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനല്‍കിയതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു. ബിന്ദു അമ്മിണി സംഗമത്തില്‍ പങ്കെടുത്തില്ല. അയ്യപ്പസംഗമം പശ്ചാത്താപം തീർത്തതല്ല. തെറ്റ് തിരുത്തുമ്ബോള്‍ അങ്ങനെ കാണരുതെന്നും സുകുമാരൻ നായർ പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും സംഗമം ബഹിഷ്കരിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. കോണ്‍ഗ്രസിന് ന്യൂനപക്ഷ വോട്ടുകള്‍ മാത്രമേ ആവശ്യമുള്ളൂവെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
















