Kerala News

ജോലിയിൽ തടസ്സം നിന്നു, അധിക്ഷേപിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരേ മാധ്യമപ്രവർത്തകയുടെ പരാതി. പ്രതികരണം ചോദിക്കുന്നതിനിടയിൽ അധിക്ഷേപിച്ചെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കൈരളി ന്യൂസ് റിപ്പോർട്ടർ സുലേഖ ശശികുമാർ ഡി.ജി.പിക്ക് പരാതി നൽകിയത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കും പരാതി കൈമാറി.

ജോലി തടസപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. ശിവഗിരിയിൽ വച്ചു നടന്ന ചടങ്ങിനിടയിലാണ് കൈരളി ന്യൂസ് റിപ്പോർട്ടർ സുലേഖ ശശികുമാറിനെ രാജീവ് ചന്ദ്രശേഖർ അധിക്ഷേപിച്ചത്. തിരുവനന്തപുരം ബിജെപി കൗൺസിലർ അനിൽ കുമാറിൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖറിനോട് പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവർത്തകയോട് കയർത്ത് സംസാരിച്ചത്.

നിങ്ങളോട് ആരാ പറഞ്ഞത്, നിങ്ങൾ ഏതു ചാനലാണെന്നും , മതി, അവിടെ ഇരുന്നാമതി, നീ നിന്നാ മതി അവിടെ, നീ ചോദിക്കരുത്, നിങ്ങൾ ചോദിക്കരുത്, ഞാൻ മറുപടി തരില്ല എന്ന പ്രതികരണമാണ് രാജീവ് ചന്ദ്രശേഖർ നടത്തിയത്. ജോലിയിൽ തടസ്സം സൃഷ്ടിച്ചെന്നും മോശമായ വാക്കുകൾ പൊതുപ്രവർത്തകനിൽ നിന്നുണ്ടായതെന്നും പിന്നീട് വിമർശനം ഉയർന്നിരുന്നു. ബിജെപി കൗൺസിലർ അനിൽ കുമാറിൻറെ ആത്മഹത്യക്ക് കാരണം ആപത്ത് ഘട്ടത്തിൽ ബി.ജെ.പി പ്രവർത്തകർ കയ്യൊഴിഞ്ഞതാണ് എന്നായിരുന്നു ആക്ഷേപം എത്തിയത്. അനിൽ കുമാർ ആത്മഹത്യ ചെയ്യുന്നതിന് മുൻപുള്ള ദിവസം രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയതിലും ബി.ജെ.പി അധ്യക്ഷനോട് പ്രതികരണം തേടിയിരുന്നു. പിന്നാലെയാണ് പ്രകോപിതനായ രാജീവ് ചന്ദ്രശേഖർ മാധ്യമപ്രവർത്തകയോട് കയർത്തത്.

Related Posts