ന്യൂഡൽഹി: കൃത്യമായി മറുപടി പറയുന്നില്ലായെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷനെ സമ്മർദ്ദത്തിലാക്കുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിന് പിന്നാലെ ശ്രദ്ധയോടെ കാര്യങ്ങൾ നീക്കുകയാണ് കമ്മിഷൻ. ഇതിന്റെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിനും ചേർക്കുന്നതിനും ഇ സൈൻ നിർബന്ധമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റ് വഴിയോ ആപ്പ് മുഖേനയോ പേര് നീക്കം ചെയ്യുന്നതിനും ചേർക്കുന്നതിനും ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ച് വേരിഫൈ ചെയ്ത ശേഷമായിരിക്കും ഇത് സാധ്യമാവുക.
ഓൺലൈനിലൂടെ വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടത്തുന്നു എന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചതിന് പിന്നലെയാണ് തെരെഞ്ഞെടുപ്പ് കമ്മിഷൻ പുതിയ പരിഷ്ക്കാരണം കൊണ്ടുവരുന്നത്. വോട്ടർ ഐഡി കാർഡിലെ നമ്പറുമായി ഏതെങ്കിലും ഒരു ഫോൺ നമ്പർ ബന്ധിപ്പിച്ച ശേഷം ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കാനും നീക്കാനും നേരത്തെ സാധ്യമായിരുന്നു. ഫോൺ നമ്പർ സംബന്ധിച്ച് വിശദമായ പരിശോധന നടത്താതിരുന്നതിനാൽ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നിരുന്നു. ഏകദേശം 6,000 പേരുകൾ കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ നിന്ന് നീക്കം ചെയ്തു എന്നായിരുന്നു രാഹുൽ ഗാന്ധി ആരോപണം.
















