ചാന്ദ്ര പര്യവേക്ഷണത്തിനുള്ള നാസയുടെ ആർട്ടെമിസ് പ്രോജക്ട് ഫെബ്രുവരിയിൽ നടത്തും. മനുഷ്യനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിച്ച് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന പ്രോജക്ടാണിത്. ആർട്ടെമിസ് പ്രോഗ്രാമിലെ ആദ്യത്തെ ക്രൂ വിമാനം ഫെബ്രുവരിയിൽ തന്നെ ചന്ദ്രനെ ചുറ്റി സഞ്ചരിച്ച് തിരികെ എത്തുമെന്ന് ഏജൻസി അറിയിച്ചു.
‘ആർട്ടെമിസ് 2’ ദൗത്യത്തിന്റെ ഭാഗമായി നാലു യാത്രികരെ ചന്ദ്രനരികിലേക്കു കൊണ്ടുപോകും. 10 ദിവസം നീളുന്ന ദൗത്യം 2026 ഫെബ്രുവരിയിലായിരിക്കുമെന്ന് നാസ അറിയിച്ചു. സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും പദ്ധതിയുടെ ഓരോ ഘട്ടത്തിലും സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെന്നും നാസ ആക്ടിങ് ഡെപ്യൂട്ടി അസോ. അഡ്മിനിസ്ട്രേറ്റർ ലാകിഷ ഹോക്കിൻസ് പറഞ്ഞു.
നാസയുടെ ബഹിരാകാശ ഗവേഷകരായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരും കാനഡയുടെ ബഹിരാകാശ ഏജൻസിയിലെ ജെറമി ഹാൻസനുമാണ് ആർട്ടെമിസ് 2 ദൗത്യത്തിലുണ്ടാവുക. ചന്ദ്രനിൽ നേരിട്ട് ഇറങ്ങാതെ ചുറ്റിപ്പറന്നുകൊണ്ടുള്ള ദൗത്യമാണ് നടക്കുക. നാസയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന് മുകളിലാകും ഓറിയോൺ ക്യാപ്സ്യൂൾ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് പറന്നുയരുക.
2030-ൽ ബഹിരാകാശയാത്രികരെ ചന്ദ്രനിൽ ഇറക്കാൻ ചൈന ലക്ഷ്യമിടുന്നുണ്ട്. ഇതിനു മുൻപായി മനുഷ്യനെ ചന്ദ്രനിലേക്ക് കൊണ്ടുപോയി തിരികെ എത്തിക്കാനാണ് നാസയുടെ ശ്രമ. 2022-ൽ ആർട്ടെമിസ് -1 ദൗത്യം വിജയകരമായി പൂർത്തീകരിച്ചിരുന്നു. 25 ദിവസത്തെ ദൗത്യം പൂർത്തിയാക്കി 2022 ഡിസംബറിലാണ് ആർട്ടെമിസ്-1ലെ ആളില്ലാപേടകമായ ഓറിയോൺ പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങിയത്.
ആർട്ടെമിസ് ദൗത്യത്തിന്റെ രണ്ടാംഘട്ടം 2024 നവംബറിൽ നടക്കുമെന്നും 12 മാസത്തിനുശേഷം ആർട്ടെമിസ്-3 വിക്ഷേപിക്കുമെന്നും നാസ വ്യക്തമാക്കിയിരുന്നെങ്കിലും ദൗത്യം നീട്ടുകയായിരുന്നു. പിന്നീട് ദൗത്യം 2026 ഏപ്രിലിൽ നടത്താനാണ് പദ്ധതിയിട്ടത്. പിന്നീട്, ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. 50 വർഷത്തിനു ശേഷം ആദ്യമായാണ് മനുഷ്യനെയും വഹിച്ചുള്ള ചാന്ദ്ര ദൗത്യത്തിന് നാസ ലക്ഷ്യമിടുന്നത്.
1972ലെ അപ്പോളോ 17 ദൗത്യമാണ് മനുഷ്യനെയും വഹിച്ചുള്ള അവസാന ചാന്ദ്രദൗത്യം. ഇതിനു ശേഷം നിരവധി ചാന്ദ്രദൗത്യങ്ങൾ നടന്നെങ്കിലും ചന്ദ്രനിലേക്ക് യാത്രികരെ അയിച്ചിരുന്നില്ല.
















