Homepage Featured Kerala News

താൻ കാർ കള്ളകടത്തുകാരൻ അല്ല: നടൻ അമിത് ചക്കാലക്കൽ

കൊച്ചി: ഓപ്പറേഷൻ നംഖോറിന്റെ ഭാ​ഗമായി കസ്റ്റംസ് നടത്തിയ വാഹന പരിശോധനയിൽ തന്റെ ഒരു കാർ മാത്രമാണ് പിടിച്ചെടുത്തത് എന്ന് പ്രതികരിച്ച് നടൻ അമിത് ചക്കാലയ്ക്കൽ. തന്റെ പേരിലുള്ള ലാൻഡ് ക്രൂയിസർ രജിസ്റ്റർ ചെയ്തത് 1999 ലാണ്. 25 വർഷമായി ആ വാഹനം ഇന്ത്യലുണ്ടെന്നും കസ്റ്റംസിന്റെ നിർദ്ദേശമനുസരിച്ച് അതിന്റെ രേഖകൾ ഹാജരാക്കുമെന്നും അമിത് പറഞ്ഞു. ബാക്കിയുള്ള ആറ് വണ്ടികൾ മറ്റ് ആളുകൾ നിർമാണത്തിനായി ഗ്യാരജിൽ എത്തിച്ചവയാണെന്നും അതിന്റെ ഉടമകൾ വേറെയാണെന്നും വിശദീകരിച്ചു.

താനൊരു വാഹന പ്രേമിയായതിനാൽ പലരും ഇതിന്റെ നിർമ്മാണം സംബന്ധിച്ച കാര്യങ്ങളിൽ സംശയങ്ങളും സഹായങ്ങളും ചോദിക്കാറുണ്ടെന്നും അതനുസരിച്ച് പരിചയമുള്ള ഗ്യാരേജ് അവർക്ക് റഫർ ചെയ്യാറുണ്ടെന്നും ഈ സാഹചര്യത്തിലാണ് ഗ്യാരേജ് പരിശോധിച്ചപ്പോൾ തനിക്കും നോട്ടീസ് ലഭിച്ചത് എന്നും ആദ്ദേഹം പറഞ്ഞു. തന്റെ പരിചയത്തിലുള്ള വാഹന ഉടമകളോട് നോട്ടീസിന് വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആറു മാസം മുൻപ് കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. അന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് രേഖകൾ ഹാജരാക്കിയിരുന്നു.

ഇപ്പോൾ നടക്കുന്ന വാഹന കള്ളക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ല. താനോ തന്റെ സുഹൃത്തുക്കളോ ഈ രീതിയിലുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നില്ല. അധികാരികളുടെ ഏതുവിധേനയുള്ള പരിശോധനയ്ക്കും വിധേയനാകാൻ താൻ തയ്യാറാണ്. കൈവശമുള്ള വാഹനങ്ങൾ ഉത്തരവാദിത്തപ്പെട്ടവർക്ക് പരിശോധിക്കാം. നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും നോട്ടീസ് നൽകിയ വാഹനങ്ങളും നിയമവിധേയമുള്ളവയാണെന്നും തനിക്കത് വർഷങ്ങളായി അറിയാമെന്നും അമിത് ചക്കാലക്കൽ കൂട്ടിച്ചേർക്കുന്നു.

അതേ സമയം ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി ദുൽഖർ സൽമാന്റെ കാറുകൾ സംബന്ധിച്ചു കസ്റ്റംസ് കൂടുതൽ അന്വേഷണത്തിലേയ്ക്ക് കടക്കുകയാണ്. രണ്ട് കാറുകൾ സംശയത്തിന്റെ നിഴലിൽ എന്ന് കസ്റ്റംസ് പറയുന്നു. ദുൽഖറിന്റെ നിസാൻ പട്രോൾ Y60, Y61 കാറുകൾ പിടിച്ചെടുക്കുമെന്ന സൂചനയാണ് നിലവിലുള്ളത്. ഇവ രണ്ടും എവിടെയാണെന്ന് അന്വേഷിക്കുന്നുണ്ട്. പിടിച്ചെടുത്ത റേഞ്ച് റോവർ നിലവിൽ ദുൽഖറിന്റെ വീട്ടിൽ തന്നെയാണ്. വാഹനത്തിന്റെ ഫിറ്റ്‌നസ് പ്രശ്നങ്ങൾ ഉള്ളതിനാൽ ഓടിച്ചു കൊണ്ടുവരാൻ സാധിച്ചിട്ടില്ല.

Related Posts