ന്യൂഡൽഹി: ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി നടൻ മോഹൻലാൽ. ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഈ നിമിഷം എന്റേത് മാത്രമല്ല മലയാള സിനിമയുടേതാണ് കൂടിയാണെന്ന് പറഞ്ഞാണ് അദ്ദേഹം പുരസ്കാരം സ്വീകരിച്ച ശേഷം പ്രസംഗിച്ചത്. കുമാരനാശാനേയും മലയാള സിനിമ പിന്നിട്ട നാഴികകല്ലും മഹാരഥന്മാരേയും എടുത്ത് പറഞ്ഞാണ് മോഹൻലാൽ പ്രസംഗം തുടർന്നത്. സിനിമ എന്നത് എന്റെ ആത്മാവിന്റെ സ്പന്ദനമാണെന്നും മോഹൻലാൽ പ്രസംഗിച്ചു.
ഭാര്യ സുചിത്രക്കൊപ്പമാണ് മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയത്. ദേശീയ പുരസ്കാരത്തിന് അർഹനായ ഷാരുഖ് ഖാന് അടുത്തായിരുന്നു മോഹൻലാലിൻറെയും ഭാര്യ സുചിത്രയുടെയും ഇരിപ്പിടം. ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മോഹൻലാലിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രസംഗിച്ചതും കൗതുകമായി. താങ്കൾ ഒരു ഉഗ്രൻ നടനാണെന്നും ഇന്ന് കൈയടി കൊടുക്കേണ്ടത് മോഹൻലാലിനാണെന്നും മന്ത്രി പറഞ്ഞു.
മലയാള സിനിമയ്ക്ക് അഞ്ച് പുരസ്കാരങ്ങളാണ് സമ്മാനിച്ചത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും, ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഉള്ളൊഴുക്കിനായി സംവിധായകാൻ ക്രിസ്റ്റോ ടോമി പുരസ്കാരം ഏറ്റുവാങ്ങി. നോൺ ഫീച്ചർ സിനിമാ വിഭാഗത്തിൽ എം.കെ.രാംദാസ് സംവിധാനം ചെയ്ത നെകൽ തെരഞ്ഞെടുക്കപ്പെട്ടു. നോൺ ഫീച്ചർ സിനിമാ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട നെകലിനായി എം.കെ.രാംദാസ് പുരസ്കാരം സ്വീകരിച്ചു. പൂക്കാലം എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്ററിനുള്ള പുരസ്കാരം മിഥുൻ മുരളി ഏറ്റുവാങ്ങി.
















