ന്യൂഡൽഹി: പാകിസ്ഥാൻ വഴിയുള്ള വ്യോമപാത അടച്ചത് ഒക്ടോബർ 24 വരെ നീട്ടി ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് വ്യോമപാത അടയ്ക്കാനുള്ള നടപടി തുടങ്ങിയത്. പാകിസ്ഥാൻ ഇപ്പോഴും വ്യോമപാത തുറക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യയും സമയം നീട്ടിയത്. എന്നാൽ വ്യോമപാത അടയ്ക്കൽ നടപടിയിൽ തിരിച്ചടിയുണ്ടാകുന്നത് ഇന്ത്യക്കാണ് എന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. ഈ നടപടിയെ ഇന്ത്യയുടെ എണ്ണൂറിലധികം പ്രതിവാര സർവീസുകളെ ബാധിക്കുമ്പോൾ പാകിസ്ഥാന് 6 ഷെഡ്യൂളുകൾ മാത്രമാണ് പ്രതിസന്ധിയാകുന്നത്. നിലവിൽ മലേഷ്യയിലേക്ക് മാത്രമേ ഇന്ത്യൻ വ്യോമപാതയിലൂടെ പാകിസ്ഥാൻ ഇൻറർനാഷണൽ എയർലൈൻസിന് സർവീസുള്ളൂ എന്നതിനാലാണ് പാകിസ്ഥാനെ അധികം ബാധിക്കാത്തത്.
2025 ഏപ്രിൽ 22ന് പഹൽഗാം ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇന്ത്യൻ വ്യോമപാതയിൽ പാക് വിമാനങ്ങളെ പ്രവേശിപ്പിക്കില്ല എന്ന് ഏപ്രിൽ 30ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. തുടർന്ന് ജൂലൈ 24 വരെ എല്ലാ പാകിസ്ഥാൻ വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമ പാതയിൽ വിലക്കുയർത്തി. ഏപ്രിൽ 24ന് തന്നെ പാകിസ്ഥാൻ വ്യോമപാത അടച്ചിരുന്നു. ഇരു രാജ്യങ്ങളും പിന്നീടുള്ള മാസങ്ങളിൽ വിലക്ക് നീട്ടുകയായിരുന്നു. ഈ വിലക്ക് അപ്പോൾ ആറാം മാസത്തിലേക്ക് കടക്കുകയാണ്.
ഓരോ ആഴ്ചയിലും ഇന്ത്യൻ വിമാന കമ്പനികളുടെ 800 സർവീസുകൾ യാത്രകൾക്കായി കൂടുതൽ സമയം എടുക്കുന്നുവെന്നാണ് റിപ്പോർട്ട്. യാത്രയിടെ ദൈർഘ്യം കൂടുന്നതിനോടൊപ്പം ഇന്ധന ചിലവും വർദ്ധിക്കുന്നുണ്ട്. വിലക്കിനെ തുടർന്ന് നിലവിൽ വടക്കേ ഇന്ത്യയിൽ നിന്ന് യൂറോപ്പ്, യുകെ, പശ്ചിമേഷ്യ, വടക്കേ അമേരിക്കയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ദൈർഘ്യമേറിയ പാതകളിലൂടെയാണ് ഇപ്പോൾ പോകുന്നത്. റൂട്ടുകളിൽ മാറ്റം വന്നതനുസരിച്ച് യാത്രാ സമയം 15 മിനിറ്റ് മുതൽ മണിക്കൂറുകൾ വരെ കൂടിയ സാഹചര്യമാണ്. കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ പാകിസ്ഥാന്റെ പരിഗണനയിൽ ഇല്ലാത്തതിനാൽ ഇന്ത്യൻ വ്യോമപാത അടയ്ക്കൽ നടപടി രാജ്യത്തെ കാര്യമായ ബാധിക്കുന്നില്ല. ഇതിന് മുമ്പ് 2019ൽ പാകിസ്ഥാൻ നാല് മാസത്തേക്ക് വ്യോമാതിർത്തി അടച്ചിരുന്നു. അന്ന് ഏകദേശം 700 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യൻ വിമാന കമ്പനികൾക്ക് സംഭവിച്ചത് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
















