Homepage Featured News World

എച്ച് വൺ ബി വിസ ഫീസ് വർധനവ്: ഡോക്ടർമാരെ ഒഴിവാക്കും?

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നടപ്പാക്കിയ എച്ച് വൺ ബി വിസ ഫീസ് വർധനവിൽ നിന്ന് ഡോക്ടർമാരെ ഒഴിവാക്കാൻ സാധ്യത. അന്താരാഷ്ട്ര മാധ്യമം ബ്ലൂംബെർഗ് ന്യൂസാണ് വൈറ്റ്ഹൗസ് വക്താവ് ടെയ്‌ലർ റോജേഴ്‌സിനെ ഉദ്ധരിച്ച് ഈ വിവരം റിപ്പോർട്ട് ചെയ്തത്. എച്ച് വൺ ബി വിസയുടെ വർധനവുമായി ബന്ധപ്പെട്ട് ട്രംപ് ഒപ്പുവെച്ച ഉത്തരവിൽ ഡോക്ടർമാർ, മെഡിക്കൽ റെസിഡന്റുമാർ തുടങ്ങിയവർക്ക് ഇളവ് നൽകാൻ സാധ്യതയുണ്ട് എന്നാണ് റോജേഴ്‌സ് പ്രതികരിച്ചത്.

സെപ്റ്റംബർ 21ാം തീയതി മുതൽ എച്ച് വൺ ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി വർധിപ്പിച്ചുകൊണ്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം നിലവിൽ വന്നിരുന്നു. ഇന്ത്യയിൽ നിന്നുള്ള ടെക്ക് പ്രൊഫഷണലുകൾ ഉൾപ്പടെയുള്ളവർക്ക് വൻ തിരിച്ചടിയാകുന്നതാണ് യുഎസിന്റെ എച്ച് വൺ ബി വിസ ഫീസ് ഉയർത്തിക്കൊണ്ടുള്ള തീരുമാനം. എന്നാൽ, ഫീസിലെ വർധനവ് നിലവിലുള്ള അപേക്ഷകരെ ബാധിക്കില്ലെന്നും പുതിയ അപേക്ഷകർക്ക് മാത്രമാണ് ബാധകം എന്നും വൈറ്റ് ഹൗസ് അറിയിച്ചു. നിലവിലെ എച്ച് വൺ ബി വിസയുള്ളവരും വിസ പുതുക്കുന്നവരും ഈ ഫീസ് നൽകേണ്ടതില്ലെന്നും വ്യക്തമാക്കി.

നേരത്തെ 1700നും 4500 ഡോളറിനും ഇടയിലായിരുന്ന ഫീസാണ് ഒരു ലക്ഷം ഡോളർ ആയി ഉയർത്തിയത്. എച്ച് വൺ ബി വിസകൾ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഇന്ത്യക്കാർക്കാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആകെ അനുവദിച്ച എച്ച് വൺ ബി വിസകളിൽ 73 ശതമാനവും ഇന്ത്യക്കാർക്കായിരുന്നു. രണ്ടാമതായി നിൽക്കുന്നത് ചൈനക്കാരാണ്.

Related Posts