Homepage Featured News World

പലസ്തീൻ സ്വതന്ത്ര രാഷ്ട്രം; ഐക്യരാഷ്ട്ര സഭയിൽ പിന്തുണയറിയിച്ച് ഫ്രാൻസ്

ഗാസ: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അം​ഗീകരിച്ച് ഫ്രാൻസ്. ഐക്യരാഷ്ട്ര സഭയിലാണ് ഫ്രാൻസിന്റെ പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ പിന്തുണ അറിയിച്ചത്. പാലസ്തീനെ അം​ഗീകരിച്ച രാജ്യങ്ങൾ ഹമാസ് നടത്തിയ ഒക്ടോബർ 7 ആക്രമണത്തെ അനുകൂലിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു.

ഇതുവരെ 150 ലേറെ രാജ്യങ്ങൾ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അം​ഗീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയുടേയും ഫ്രാൻസിന്റെയും അധ്യക്ഷതയിൽ ചേർന്ന ഐക്യരാഷ്ട്ര സഭയുടെ യോ​ഗത്തിൽ അമേരിക്ക, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ പങ്കെടുത്തിരുന്നില്ല. സമാധാനവും സുരക്ഷയും ഉറപ്പുള്ള രണ്ടു രാഷ്ട്രങ്ങളായി പലസ്തീനും ഫ്രാൻസും മാറണമെന്ന് യോ​ഗത്തിൽ മക്രോൺ നിലപാടു സ്വീകരിച്ചു. സമാധാനത്തിനുള്ള സമയമായി ​ഗാസയിൽ യുദ്ധം തുടരുന്നതിന് യാതൊരു ന്യായീകരണവുമില്ല. അദ്ധേഹം പറഞ്ഞു.

യു കെ, കാനഡ, ഓസ്ട്രേലിയ, പോർച്ചു​ഗൽ തുടങ്ങിയ രാജ്യങ്ങൾ ഞായറാഴ്ച പലസ്തീനെ സ്വതന്ത്ര രാജ്യമായി അം​ഗീകരിച്ചിരുന്നു. ബെൽജിയം, ലക്സംബർ​ഗ്, മാൾട്ട, അന്റോറ, സാൻ മറിനോ തുടങ്ങിയ രാജ്യങ്ങളും ഉടനെ തന്നെ അം​ഗീകരിച്ചേക്കും. ​

2023 ഒക്ടോബർ 7 ന് ഹമാസിന്റെ നേതൃത്വത്തിൽ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ പലസ്തീനു നേരെ നടന്ന ആക്രമണത്തിൽ 65000 ത്തിലധികം പേർ പലസ്തീനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിലും വെസ്റ്റ് ബാങ്കിലും ആവർത്തിച്ചുള്ള മനുഷ്യാവകാശ ലംഘനങ്ങളും വംശഹത്യയും ഉണ്ടാകുന്നു. ​ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ ഇസ്രായേൽ. ഈ സാഹചര്യത്തിലാണ് ലോകരാജ്യങ്ങൾ പലസ്തീന് ഔദ്യോ​ഗിക പിന്തുണ അറിയിച്ചത്.

അന്താരാഷ്ട്ര സമൂഹം പ്രദേശത്ത് സുസ്ഥിരമായ സമാധാനമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടു. ശക്തിയേക്കാൾ അവകാശങ്ങൾക്കാണ് വിജയമുണ്ടാകേണ്ടത്. ദ്വിരാഷ്ട്രങ്ങൾക്കായി തങ്ങൾക്കു കഴിയുന്ന എല്ലാ ശ്രമങ്ങളുമുണ്ടാകുമെന്നും ഫ്രാൻസ് അറിയിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനു വേണ്ടി സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ സൽമാൻ അൽ സൗദ് ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ദ്വിരാഷ്ട്രമായി തുടരുക എന്നതു മാത്രമാണ് സുസ്ഥിര സമാധാനത്തിനുള്ള മാർ​ഗമെന്ന് അദ്ദേഹം പറഞ്ഞു.

​ഗാസയിൽ നിയമപരമായും രാഷ്ട്രീയമായും അസഹനീയമായ സാഹചര്യമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടെറസ് പറഞ്ഞു. ഇസ്രായേലിനും പലസ്‍തീനുമിടയിൽ സമാധാനം പുലരാനായി ദ്വിരാഷ്ട്രമെന്നതു തന്നെയാണ് പരിഹാരമെന്നും അദ്ദേഹം നിലപാടറിയിച്ചു.

പലസ്തീൻ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിന്റെയും പലസ്തീൻ ഉദ്യോ​ഗസ്ഥരുടേയും വിസ അമേരിക്ക റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പലസ്തീൻ പ്രതിനിധികൾ വീഡിയോ കോൺഫറൻസിലൂടെയാണ് ന്യൂയോർക്കിൽ വെച്ച് ചേർന്ന ഐക്യരാഷ്ട്ര സഭയുടെ യോ​ഗത്തിൽ പങ്കെടുത്തത്. യുദ്ധം തങ്ങൾക്കു മതിയായി. ആയുധങ്ങളില്ലാത്ത സമാധാനപൂർണമായ രാജ്യമാണ് തങ്ങൾ ആ​ഗ്രഹിക്കുന്നത് അദ്ദേഹം പറഞ്ഞു. ഹമാസിന്റെ നേതൃത്വത്തിൽ നടന്ന 2023 ഒക്ടോബർ 7 ന് നടന്ന ദക്ഷിണ ഇസ്രായേലിനെതിരെയുള്ള അക്രമണത്തെയും അബ്ബാസ് അപലപിച്ചു.

Related Posts