കോഴിക്കോട്: രാജ്യവ്യാപകമായി കസ്റ്റമസ് നടത്തുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഹമായി നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ രണ്ട് കാറുകൾ പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിൽ എത്തിക്കുന്നു എന്ന ഇന്റലിജൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കേരളത്തിൽ പരിശോധന നടത്തിയത്. നടന്മാരായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരുടെ വീടുകളിവും കേരളത്തിലെ കോഴിക്കോട്, മലപ്പുറം തുടങ്ങിയ മറ്റ് ജില്ലകളിലും പരിശോധന നടത്തിയിരുന്നു. പിടിച്ചെടുത്ത വാഹനങ്ങൾ കൂടാതെ ഇനിയും കാറുകൾ ഉണ്ടെങ്കിൽ അവ ഹാജരാക്കണമെന്നറിയിച്ച് ദുൽഖറിന് സമൻസും നൽകിയിട്ടുണ്ട്.
കേരളത്തിൽ മറ്റ് 30 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് ഇടങ്ങളിൽ നിന്ന് 11 വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമായി നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്. ഓപ്പറേഷൻ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ നൽകുന്നതിനായി കസ്റ്റംസ് കമ്മീഷണർ വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.
ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് മലയാള സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ വാഹനങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിന്റേജ് കാറ്റഗറിയിൽ പെടുന്ന ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിൽ എത്തിക്കുന്നു എന്ന കണ്ടെത്തിയതിനെ തുടർന്നാണ് വിഷയത്തിൽ കസ്റ്റംസ് രാജ്യവ്യാപകമായി പരിശോധ ഊജ്ജിതമാക്കിയത്. സിനിം താരങ്ങൾ വാഹന കടത്ത് നടത്തുന്ന റാക്കറ്റിലെ ചെറിയ കണ്ണികൾ മാത്രമാണ് എന്നും പുറത്തുവരുന്ന വിവരങ്ങൾ പറയുന്നു.
















