കൊല്ലം: അസം ബിഹാർ ഉത്തർപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കേരളത്തിലേക്കെത്തിയ അതിഥി തൊഴിലാളികൾക്കായി ബി ജെ പി മൈഗ്രന്റ് വർക്കേഴ്സ് സെൽ എന്നപേരിൽ പോഷക സംഘടന രൂപീകരിക്കുന്നതായി റിപ്പോർട്ട്. പാർട്ടിക്ക് ഈ സംസ്ഥാനങ്ങളിൽ നിർണായക സ്വാധീനമുണ്ട്. ഇത് കേരളത്തിലെത്തിയ ശേഷവും നിലനിർത്തുകയാണ് ഈ സെൽ രൂപീകരണത്തിന്റെ ലക്ഷ്യം.
അതത് സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വവുമായി സംസ്ഥാനത്തെ പ്രതിനിധികൾ ആശയവിനിമയം നടത്തും. ഇതനുസരിച്ച് കേരളത്തിലെത്തിയ പാർട്ടി പ്രവർത്തകരുടെ പട്ടിക തയ്യാറാക്കിയാകും പ്രവർത്തനം. ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ വി കെ സജീവനാണ് സെല്ലിന്റെ ചുമതല. സംസ്ഥാന തലത്തിൽ 13 അംഗ കമ്മിറ്റി ഇതിനായി രൂപീകരിക്കും. കൺവീനർ രണ്ട് കോ കൺവീനർമാർ പത്തു മറ്റു അംഗങ്ങൾ എന്നിവരാകും കമ്മിറ്റിയിലുണ്ടാകുക. ജില്ലാ തലത്തിലുള്ള കമ്മിറ്റിയിൽ 9 അംഗങ്ങളും മണ്ഡലം തലത്തിൽ ഏഴംഗ കമ്മിറ്റിയുമാകും ഇതിനായി രൂപവത്കരിക്കുക.
കേരളത്തിൽ പാർട്ടിക്ക് വിവിധ തലങ്ങളിലായി ഇരുപതോളം സെല്ലുകളാണ് നിലവിലുള്ളത്. ഇതോടൊപ്പമാണ് മറുനാട്ടിൽ നിന്നെത്തുന്നവർക്കായി പുതിയ സെൽ രൂപീകരിക്കുന്നത്. പെൻഷൻകാർക്കായി മറ്റൊരു സെല്ലും പരിഗണിക്കുന്നുണ്ട്. ബിജെപി കോർ കമ്മിറ്റിയുടേതാണ് തീരുമാനം.
ലീഗൽ സെൽ, മെഡിക്കൽ സെൽ, ഇന്റലക്ച്വൽ സെൽ, പ്രവാസികൾക്കുള്ള സെൽ തുടങ്ങിയവയാണ് ബിജെപിയുടെ മറ്റു സെല്ലുകൾ. നിലവിൽ ജില്ലാതലം വരെ പ്രവർത്തിക്കുന്ന സെല്ലുകളെ താഴെ തട്ടിലേക്കു കൂടി വ്യാപിപ്പിച്ചേക്കും. റിപ്പോർട്ടുകൾ പറയുന്നു.
















