കൊച്ചി: മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ നേരിട്ട് കോടതിയിൽ ഹാജരാകണം. ഒക്ടോബർ 27ന് ഹാജരാകണമെന്നാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശം. കേസിൽ ഇൻഫോ പാർക്ക് പൊലീസ് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുശേഷമാണ് നടൻ ഉണ്ണി മുകുന്ദൻ നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ താമസിക്കുന്ന കാക്കനാട് ഫ്ലാറ്റിൽവച്ച് മാനേജറായിരുന്ന ബിപിൻ കുമാറിനെ മർദിച്ചെന്നാണ് പരാതി. എന്നാൽ മർദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ വാദം. കേസിൽ രണ്ടുപേരുടെയും മൊഴിയെടുത്ത ശേഷമാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
താൻ വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ കണ്ണട നിലത്തെറിയുക മാത്രമാണ് ചെയ്തതെന്നും പരാതി വന്ന സമയത്ത് തന്നെ ഉണ്ണി വ്യക്തമാക്കിയിരുന്നു. തന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി കണ്ടതോടെയാണ് പിരിച്ചുവിട്ടത് എന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ വിശദീകരണം.
മുഖത്തും തലയ്ക്കും നെഞ്ചത്തും മർദിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയുമായാണ് മുൻ മാനേജറും പി ആർ ഓയുമായിരുന്ന വിപിൻ പോലീസിനെ സമീപിച്ചത്. കാക്കനാട്ടെ ഫ്ളാറ്റിൽ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉണ്ണി മുകുന്ദൻ വന്നുവെന്നും തുടർന്ന്, ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. ഫ്ലാറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റിയത്. ഇനി കൺമുന്നിൽ വന്നാൽ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിപിൻ പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നേരത്തെ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്.
പരാതിയെ തുടർന്ന് ഒത്തുതീർപ്പിനായി താര സംഘടനയായ അമ്മയും ഫെഫ്കയും ഉൾപ്പെടെ ചർച്ചയ്ക്ക് ശ്രമിച്ചുവെങ്കിലും അത് കൂടുതൽ വിവാദത്തിലേക്കാണ് നീങ്ങിയത്. ചർച്ചയുടെ ഓഡിയോ സഹിതം പുറത്തു വരികയും ചെയ്തു. വിഷയത്തിൽ ഇനി ചർച്ചയില്ലെന്ന് പിന്നീട് ഫെഫ്കയും വ്യക്തമാക്കിയതോടെ ഒത്തുതീർപ്പിന്റെ വഴികൾ അടഞ്ഞു. പിന്നീടാണ് കേസിന്റെ തുടർ നടപടികളിലേക്ക് നീങ്ങുന്നത്.
















