തൃശൂർ: മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ചയുടെ പശ്ചാത്തലത്തിൽ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം വ്യാഴാഴ്ച വിഷയം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോൾ വിലക്ക് നീക്കിയുള്ള ഉത്തരവ് പുറപ്പെടുവിക്കാനാണ് ഇരുന്നതെന്നും എന്നാൽ റോഡ് തകർച്ചയുടെ പശ്ചാത്തലത്തിൽ നിലവിൽ ഉത്തരവ് ഇടുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ചില വ്യവസ്ഥകളോടെ ടോൾ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. ജനവികാരത്തിനൊപ്പം ആണ് കോടതി എന്ന് പാലിയേക്കരയിലെ പരാതിക്കാരിൽ ഒരാളായ ഷാജി കോടങ്കണ്ടത്തിൽ പ്രതികരിച്ചു.
















