Homepage Featured Kerala News

ഡിജിപിയുടെ സർക്കുലറിന് പുല്ലുവില; വനിതാ ബറ്റാലിയനിൽ വീണ്ടും റീൽസ് ചിത്രീകരണം

തിരുവനന്തപുരം: തിരുവനന്തപുരം കളയിക്കാവിളയിൽ ഡിജിപിയുടെ സർക്കുലർ ലംഘിച്ച് വീണ്ടും റീൽസ് ചിത്രീകരണം. പോലീസ് വനിതാ ബറ്റാലിയനിലെ എസ് ഐ ഉൾപ്പെടെയുള്ളവരാണ് റീൽസ് ചിത്രീകരിച്ചത്. പോലീസ് അസോസിയേഷൻ ഭാരവാഹികളും റീൽസിൽ ഉണ്ട്. ഡ്യൂട്ടിക്കിടെയായിരുന്നു പോലീസ് ഉദ്യോ​ഗസ്ഥരുടെ റീൽസ് ചിത്രീകരണമെന്നാണ് റിപ്പോർട്ടുകൾ.

പോലീസ് യൂണിഫോമിൽ റീൽസുകൾ ചിത്രീകരിക്കുന്നത് വിലക്കിയായിരുന്നു നേരത്തെ ഡി ജി പി സർക്കുലർ ഇറക്കിയിരുന്നത്. എല്ലാ പരിധിയും ലംഘിച്ച് പോലീസ് നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെയായിരുന്നു ഡി ജി പി സർക്കുലർ ഇറക്കിയത്. സോഷ്യൽ മീഡിയ ഉപയോ​ഗത്തെ സംബന്ധിച്ചുള്ള നിബന്ധനകൾ പാലിക്കുമെന്ന് എഴുതി നൽകുകയും ചെയ്യണം എന്നും നിർദേശിച്ചിരുന്നു. ലംഘിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ സർക്കുലർ അനുസരിക്കാതെയാണ് പുതിയ വീഡിയോ സ്റ്റാറ്റസ് ആയി വാട്സാപ്പിലെത്തിയത്.

പൊതു സ്ഥാപനങ്ങളിൽ ജോലിക്കിടെ റീൽസുകൾ ചിത്രീകരിക്കുന്നത് ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിൽ കാലതാമസത്തിനു കാരണമാകുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. പോലീസിന്റെയോ സർക്കാർ ഉദ്യോ​ഗസ്ഥരുടേയും കാര്യക്ഷമത കുറക്കുന്നതിനും ഇത് കാരണമായേക്കാം. എന്നാൽ ഉദ്യോ​ഗസ്ഥരുടെ സമ്മർദ്ദം ലഘൂകരിക്കാനായി ഇത്തരം റീലുകൾ സഹായിച്ചേക്കാം എന്ന് കരുതുന്നവരും കുറവല്ല.

ഇതിനു മുൻപും ഇത്തരത്തിൽ റീലുകളുമായി പോലീസ് ഉദ്യാ​ഗസ്ഥർ രം​ഗത്തെത്തിയിരുന്നു. ഭയത്തോടെ മാത്രം കണ്ടിരുന്ന പോലീസ് ഉദ്യോ​ഗസ്ഥർ തമാശ നിറഞ്ഞ വീഡിയോകളിലൂടെ പ്രത്യക്ഷപ്പെട്ടത് നവ മാധ്യമങ്ങളിൽ കൗതുകമായിരുന്നു. കേരള പോലീസിന്റെ ഔദ്യോ​ഗിക പേജും സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ട്രോൾ വീഡിയോകൾ ഷെയർ ചെയ്യാറുണ്ടെങ്കിലും അത്തരം വീഡിയോകളിൽ സാധാരണയായി പോലീസ് ഉദ്യോ​ഗസ്ഥർ പ്രത്യക്ഷപ്പെടാറില്ല.

Related Posts