കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വിദ്വേഷ പരാമർശങ്ങൾ ഉൾക്കൊള്ളിച്ച പോസ്റ്ററിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. ഇതിനായി ആഭ്യന്തര വകുപ്പ് ഇന്റർപോളിന്റെ സഹായം തേടും. വിവാദമായ ശേഷം രാജീവ് ചന്ദ്രശേഖർ പോസ്റ്റ് പിൻവലിച്ചിരുന്നു.
രാജീവ് പിൻവലിച്ച പോസ്റ്റ് മ്യൂച്വൽ ലീഗൽ അസിസ്റ്റന്റ് വഴി ലഭ്യമാക്കാനാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കുന്നത്. പോസ്റ്റ് ഇത്തരത്തിൽ ലഭ്യമാക്കാൻ സംസ്ഥാന പോലീസിലെ ഇന്റർപോൾ അലയൻസ് ഒഫീസറായ ഐജിക്ക് ആഭ്യന്തര അണ്ടർ സെക്രട്ടറി അനുമതി നൽകി.
സ്ഫോടനം നടന്നയുടൻ മതസ്പർധയുണ്ടാകാനിടയുള്ള വിധം രാജീവ് സാമൂഹിക മാധ്യമത്തിലൂടെ പോസ്റ്റിടുകയായിരുന്നു. 2023 ഒക്ടോബർ 31 നു വിദ്വേഷ പോസ്റ്റിൽ രാജീവിന്റെ പേരിൽ പോലീസ് കേസെടുത്തിരുന്നു. മതസ്പർധയുണ്ടാക്കും വിധം അഭിപ്രായം പ്രകടിപ്പിച്ചുവെന്ന പേരിൽ സെൻട്രൽ പോലീസായിരുന്നു കേസെടുത്തിരുന്നത്.
കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥനാ സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. അന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി ആയിരുന്നു രാജീവ് ചന്ദ്രശേഖർ.ഇതേ പോസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണിക്കെതിരെയും കേസെടുത്തിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി 153 (കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കൽ) 153 എ (മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), കേരള പേലീസ് ആക്ടിലെ സെക്ഷൻ 120 ഒ എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തിരുന്നത്.
















