Gulf Homepage Featured News

അന്താരാഷ്ട്ര ഹജ്ജ് കോൺഫറൻസ്: തീർത്ഥാടകർക്കുള്ള സേവനങ്ങളുടെ നിലവാരം ഉയർത്തും

റിയാദ്: അഞ്ചാമത് അന്താരാഷ്ട്ര ഹജ്ജ് കോൺഫറൻസും എക്സിബിഷനും നവംബർ ഒമ്പത് മുതൽ ജിദ്ദയിൽ നടക്കും.’മക്കയിൽ നിന്ന് ലോകത്തിലേക്ക്’ എന്ന പ്രമേയത്തിൽ ഹജ്ജ്, ഉംറ മന്ത്രാലയവും ‘ദൈവത്തിൻ്റെ അതിഥികൾ (ളുയൂഫുറഹ്മാൻ)’ പദ്ധതിയും സംയുക്തമായാണ് നാല് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ഹജ്ജ് തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ നേതൃത്വത്തിലാണ് കോൺഫറൻസ് നടത്തുന്നത്.

കോൺഫറൻസിൻ്റെ ഭാഗമായി വിവിധ തന്ത്രപ്രധാനമായ കരാറുകളും പങ്കാളിത്തങ്ങളും ഒപ്പുവെക്കുമെന്നും പ്രതീക്ഷിക്കുന്നു. സാങ്കേതികവിദ്യകൾ കൈമാറാനും അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള ഒരു ആഗോള വേദിയായി കോൺഫറൻസ് പ്രവർത്തിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി

കഴിഞ്ഞ വർഷം നടന്ന നാലാമത് കോൺഫറൻസ് വലിയ വിജയമായിരുന്നു. 120,000-ത്തിലധികം സന്ദർശകരും 137 രാജ്യങ്ങളിൽ നിന്നുള്ള 220-ലധികം പ്രദർശകരും പങ്കെടുത്ത കഴിഞ്ഞ കോൺഫറൻസ് 670-ൽ അധികം സഹകരണ കരാറുകൾക്ക് വഴിയൊരുക്കി. ഈ നേട്ടങ്ങളാണ് ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർത്ഥാടകർക്കുള്ള സേവനങ്ങളുടെ നിലവാരം ഉയർത്താൻ സഹായിച്ചത്.

ഹജ്ജിന്റെ ചരിത്രത്തെക്കുറിച്ചും വിശുദ്ധ ഹറമുകളുടെ വികാസത്തെക്കുറിച്ചും അവബോധം നൽകുന്നതിനായി കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ (ദറാഹ്) ഒരു പ്രത്യേക സാംസ്കാരിക ഫോറം സംഘടിപ്പിക്കും. ‘ഹജ്ജിന്റെയും വിശുദ്ധ ഹറമുകളുടെയും ചരിത്ര ഫോറം’ എന്ന പേരിലുള്ള ഈ വേദിയിൽ ഹജ്ജിൻ്റെ ചരിത്രപരമായ വിവരങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കും. 52,000 ചതുരശ്ര മീറ്ററിൽ ഒരുക്കുന്ന പ്രദർശനത്തിൽ 260-ൽ അധികം പ്രദർശകരുണ്ടാകും. കൂടാതെ, ഭാവിയിലെ ഹജ്ജ് സേവനങ്ങൾക്കായി നൂതനമായ പരിഹാരങ്ങൾ അവതരിപ്പിക്കുന്ന 15 സ്റ്റാർട്ടപ്പുകളും സംരംഭകരും ‘ഇന്നൊവേഷൻ സോൺ’ എന്ന പ്രത്യേക വിഭാഗത്തിൽ മാറ്റുരയ്ക്കും.

താല്പര്യമുള്ളവർക്ക് www.hajjconfex.com എന്ന വെബ്സൈറ്റ് വഴി കോൺഫറൻസിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം.

Related Posts