കർണാടക: കർണാടകയിലെ കൽബുർഗി ജില്ലയിലെ ആളന്ദ് നിയമസഭാ മണ്ഡലത്തിൽ വ്യാപകമായി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ. 2023 ഇലക്ഷന് മുമ്പ് മണ്ഡലത്തിൽ 256 പോളിങ് ബൂത്തുകളിൽ നിന്നായി 6670 പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയെന്നായിരുന്നു കോൺഗ്രസ് എംഎൽഎ ഭോജരാജ് രാമചന്ദ്രപ്പ പാട്ടീൽ നൽകിയ പരാതിയിൽ ആരോപിച്ചത്.ഈ വിഷയത്തിലാണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
എഡിജിപി (സിഐഡി) ബി കെ സിങ്ങിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരടങ്ങുന്നതാണ് സംഘമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കർണാടകയിലെ ആളന്ദ് മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ചോർച്ചയായിരുന്നു ആദ്യം ചർച്ചയായത്. 6018 വോട്ടർമാരുടെ പേരുകൾ സോഫ്റ്റുവേർ തിരിമറികളിലൂടെയും കൃത്രിമ ആപ്ലിക്കേഷനുകളിലൂടെയും നീക്കം ചെയ്യാൻ ശ്രമിച്ചു എന്നായിരുന്നു ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത്.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കു പിന്നാലെ പൗരന്മാരുടെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റമാണിതെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. വോട്ടർ പട്ടികയിൽ ആസൂത്രിതമായ കൈകടത്തലാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. മാസങ്ങളായി കർണ്ണാടക സിഐഡി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചില സാങ്കേതിക വിവരങ്ങൾ ആവശ്യപ്പെട്ടിട്ടും ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ കൂട്ടിചേർത്തു.
ആരാണ് ഈ വോട്ട് മോഷണം നടത്തിയതെന്ന് അറിയാനായി ഒടിപി വിവരങ്ങൾ, ഐ പി അഡ്രസ്, ഡിവൈസ് പോർട്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. ഈ വിഷയത്തിലുള്ള തുടർ നടപടിയായാണ് ഇപ്പോൾ എസ്ഐടി രൂപീകരിച്ച് അന്വേഷണം ആരംഭിക്കുന്നത്.
















