ബഗ്രാം വ്യോമ താവളത്തിന്റെ അധികാരം വീണ്ടും പിടിച്ചെടുക്കാൻ ശ്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യോമ താവളം അത് നിർമ്മിച്ച അമേരിക്കയ്ക്ക് തിരികെ തന്നില്ലെങ്കിൽ അഭിലഷണീയമല്ലാത്ത് സംഭവിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. 2001 സെപ്റ്റംബർ 11 ലെ ആക്രമണത്തിന് ശേഷം യുഎസ് ഉപയോഗിച്ച് പോന്നിരുന്ന വ്യോമ താവളമാണ് ബഗ്രാം.
നഷ്ടമായ ബഗ്രാമിനു മേലുള്ള നിയന്ത്രണം തിരിച്ചു പിടിക്കാൻ ശ്രമിക്കുമെന്നായിരുന്നു വ്യാഴാഴ്ച മാധ്യമങ്ങളോട് ട്രംപ് പറഞ്ഞത്. അഫ്ഗാനിസ്ഥാനുമായി ഈ വിഷയത്തിൽ ചർച്ച നടത്തുകയാണെന്നും വെള്ളിയാഴ്ച്ച അമേരിക്കൻ പ്രസിഡന്റ് പ്രതികരിച്ചു. അതേസമയം വ്യോമ താവളം തിരിച്ചുപിടിക്കാൻ സൈനിക നീക്കമുണ്ടാകുമോയെന്ന ചോദ്യത്തിന് അക്കാര്യത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
അമേരിക്കയ്ക്ക് സ്വധീനമുള്ള ഭരണകൂടത്തിന് അഫ്ഗാനസ്ഥാനിൽ അധികാരമുണ്ടായിരുന്ന കാലത്തായിരുന്നു അൽ ഖ്വയ്ദയ്ക്ക് എതിരെയുള്ള നീക്കങ്ങൾക്ക് ബഗ്രാമിൽ വ്യോമ താവളം നിർമിച്ചത്. ബിൻ ലാദന്റെ വധം അടക്കമുള്ള നിർണായക സൈനിക ഓപ്പറേഷൻസിന് ബഗ്രാം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. താലിബാൻ അധികാരത്തിലെത്തിയതോടെ യുഎസ് അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.
നയതന്ത്രത്തിലൂടെ ബഗ്രാം വ്യോമതാവളത്തിന്റെ അധികാരം പിടിച്ചെടുത്താലും അതിന്റെ നടത്തിപ്പ് അത്ര എളുപ്പമാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അല് ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ സംഘങ്ങളുടെ ഭീഷണി നേരിടേണ്ടി വരും എന്നതാണ് ഇതിനു കാരണമായി അന്തർദേശീയ മാധ്യമങ്ങൾ പറയുന്നത്. ബഗ്രാം ഒരു കാലത്ത് അമേരിക്കയുടെ ട്രൂപ്പുകളെയും അവർക്കായുള്ള പിസ ഹട്ടുകളെയും കൊണ്ട് തിരക്കേറിയ പ്രദേശമായിരുന്നു. രണ്ടു ദശാബ്ദങ്ങളായി യുഎസിന്റെ നിയന്ത്രണത്തിലായിരുന്ന വ്യോമ താവളമായിരുന്നു 2011 ൽ അവർക്ക് നഷ്ടപ്പെട്ടത്.
















