Homepage Featured Kerala News

നിങ്ങളേത് ചാനലാണ്, നിന്നാൽ മതി അവിടെ, കാണിച്ചുതരാം; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ന​ഗരസഭാ കൗൺസിലർ തിരുമല അനിൽ കുമാർ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് സംസാരിക്കവേ പൊട്ടിത്തെറിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മരണം റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത വിഷയം ചോദിച്ചപ്പോളായിരുന്നു രാജീവ് പ്രകോപിതനായത്. ഏത് ചാനലിന്റെയാണെന്നും കാണിച്ചുതരാമെന്നുമെന്നും പറഞ്ഞാണ് ഭീഷണി മുഴക്കിയത്.

നിങ്ങളോട് ആരാ പറഞ്ഞത്, നിങ്ങളേതു ചാനലാ? മതി, അവിടെ ഇരുന്നാ മതി, നീ നിന്നാ മതി അവിടെ, നീ ചോദിക്കരുത് നിങ്ങൾ ചോദിക്കരുത്. ഞാൻ മറുപടി തരില്ല. ഇന്നലെ ആത്മഹത്യ ചെയ്ത കൗൺസിലറാണ്. നിങ്ങൾ ഇങ്ങനെ നുണ പ്രചരിപ്പിക്കരുത്. ശുദ്ധ നുണയാണ്, നിങ്ങൾ നുണ പറയുന്ന ചാനലാണ്. ഒരു നാണവുമില്ലാത്ത ചാനലാ എന്നിങ്ങനെയായിരുന്നു ആക്രോശങ്ങൾ.

സിപിഎം നടത്തിയ ക്രമിനൽ കൃത്യമാണ് ഇതെന്നും അനിൽ പ്രസിഡണ്ടായ ബാങ്കിൽ ബിജെപി ഭരണമല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നാൽ ബിജെപി നേത‍ൃത്വത്തിനെതിരെ ​ ആരോപണങ്ങളുന്നയിച്ച് അനിൽ കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് കണ്ടെത്തിയിരുന്നു. തിരുമല കൗൺസിലർ ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്.

അനിൽ കുമാർ ഭാരവാഹിയായ സൊസൈറ്റിയിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ബിജെപി സഹായിച്ചില്ലെന്ന ആരോപണമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. താൻ ഈ സാമ്പത്തിക പ്രശ്നങ്ങളിൽ നിരപരാധിയാണെന്നും അനിൽ കുമാർ പറയുന്നു. തിരുവനന്തപുരത്തുള്ള വലിയശാല ടൂർ സൊസൈറ്റിയിൽ ഭാരവാഹിയായിരുന്നു അനിൽ കുമാർ

Related Posts