Homepage Featured Kerala News

പുരസ്‌കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു, ദൃശ്യം 3 ചിത്രീകരണം നാളെ തുടങ്ങും: നന്ദി അറിയിച്ച് മോഹൻലാൽ

കൊച്ചി: ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ചലചിത്ര മേഖലയിലെ പ്രധമ പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കേ അവാർഡ് മോഹൻലാലിലൂടെ മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. 2023 ലെ സമ​ഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമാണ് മോഹൻലാലിനെ തേടിയെത്തയിരിക്കുന്നത്. നേരത്തെ 2004ൽ ആണ് മലയാള സിനിമയിൽ നിന്ന് സംവിധാന രംഗത്തെ മികവിന് അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരത്തിന് അർഹത നേടിയത്. പുരസ്‌കാര നേട്ടത്തിൽ ഇപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയാണ് മോഹൻലാൽ.

“ജൂറിയോടും ഇന്ത്യൻ ഗവണ്മെന്റിനോടും കൂടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. ഈ പുരസ്‌കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. 48 വർഷത്തെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡ് ആണിത്.ഇതിനു മുൻപ് ഈ അവാർഡ് കിട്ടിയത് മഹാരഥന്മാർക്കാണ്, കൂടെയുള്ള എല്ലാവരെയും ഓർക്കുന്നു, ഇന്ത്യൻ സിനിമയിലെ അവാർഡ് മലയാള സിനിമയ്ക്കു ലഭിച്ചതിൽ വളരെ സന്തോഷം. ഞാൻ പ്രവർത്തിക്കുന്ന മേഖലയാണ് എനിക്ക് ഈശ്വരൻ. അതുകൊണ്ടാണ് ഈശ്വരൻ തന്ന അവാർഡ് എന്ന് പറയുന്നത്. നമ്മളുടെ പ്രവർത്തി മണ്ഡലത്തിൽ നമ്മൾ കാണിക്കുന്ന സത്യസന്ധത കൂടിയുണ്ട്. ഈ അവാർഡ് എല്ലാവരുമായി ഞാൻ പങ്കു വയ്ക്കുന്നു.” മോഹൻലാൽ വാർത്താ സമ്മേളമത്തിൽ പറഞ്ഞു.

വിമർശനങ്ങൾ തോളത്തേറ്റി നടക്കുന്ന ആളല്ല ഞാൻ. ഈ നിമിഷത്തെ കുറിച്ച് ചിന്തിക്കുക. ദൃശ്യം 3 യുടെ ചിത്രീകരണം നാളെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുരസ്‌കാരത്തിന് അർഹനായ വിവരം വിളിച്ചറിയിച്ചപ്പോൾ വിശ്വസിക്കാനിയില്ല, അതൊരു വൈൽഡ് ഡ്രീമായാണ് തോന്നിയതെന്ന് ഒന്നു കൂടി പറയൂ എന്ന് ചോദിച്ചുവെന്നും മോഹൻലാൽ ആ നിമിഷത്തെ അനുഭവത്തെക്കുറിച്ച് പങ്കുവെച്ചു. സിനിമയ്ക്കു ഇപ്പോൾ പരിമിതികൾ ഇല്ല. സിനിമ എന്നത് പാൻ ഇന്ത്യൻ ആയി, സംവിധാനം ചെയ്യണം എന്ന തോന്നൽ വന്നാൽ ഇനിയും ചെയ്‌തേക്കും. സിനിമയ്ക്കു അപ്പുറത്തേക്കുള്ള സ്വപ്നം എന്തെന്ന് ചോദിച്ചാൽ ഇപ്പോൾ പറയാനാവില്ല, വളരെ കുറച്ചു സ്വപ്നം കാണുന്ന ആളാണ്‌ ഞാൻ. നല്ല സിനിമകൾ ഉണ്ടാകട്ടെ എന്നും അദ്ദേഹം പറഞ്ഞു നിർത്തി.

Related Posts