Lead News News World

ഇന്ത്യ – പാക് ഉൾപ്പടെ ഒഴിവാക്കിയത് 7 യുദ്ധങ്ങൾ, 7 നൊബേലിന് അർഹൻ: ഡൊണാൾഡ് ട്രംപ്

ന്യൂഡൽഹി: ഇന്ത്യ – പാകിസ്ഥാൻ സംഘർഷം ഒഴിവാക്കുന്നതിൽ ഇടപ്പെട്ടുവെന്ന വാദവുമായി വാണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാപാരബന്ധം ആയുധമാക്കിയാണ് ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന പ്രശ്നത്തിന് പരിഹാരം കണ്ടതെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളുമായുളള വ്യാപാരബന്ധം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ട്രംപ്. ഇത്തരത്തിൽ ഏഴ് യുദ്ധങ്ങളാണ് താൻ ഒഴിവാക്കിയതെന്നും അങ്ങനെ നോക്കുകയാണെങ്കിൽ താൻ ഏഴ് സമാധാന നൊബേലുകൾക്ക് അർഹനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

“ഇന്ത്യയുടെയും പാകിസ്താന്റെയും കാര്യമെടുക്കൂ. നിങ്ങള്‍ക്കറിയാം ഞാന്‍ അത് എങ്ങനെ അവസാനിപ്പിച്ചുവെന്ന്. വ്യാപാരബന്ധം ഉപയോഗിച്ചാണ് ഞാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത്. അവര്‍ക്ക് വ്യാപാരം തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ താത്പര്യമുണ്ടായിരുന്നു. ഇരുരാജ്യങ്ങളുടെയും നേതാക്കളോട് എനിക്ക് ബഹുമാനമുണ്ട്. സമാനരീതിയില്‍ തായ്‌ലന്‍ഡ്, കംബോഡിയ, അര്‍മേനിയ, അസര്‍ബൈജാന്‍, സെര്‍ബിയ, ഇസ്രയേല്‍, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, റുവാൺഡ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷവും അവസാനിപ്പിച്ചു.” ട്രംപ് പറഞ്ഞു. 

ഇത്തരത്തിൽ ഒഴിവാക്കാനും അവസാനിപ്പിക്കാനും സാധിച്ച പ്രശ്നങ്ങളിൽ 60 ശതമാനവും സാധ്യമായത് അതാത് രാജ്യങ്ങളുമായി അമേരിക്കയ്ക്കുള്ള വ്യാപര ബന്ധം മൂലമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ എളുപ്പമായിരിക്കുമെന്നാണ് കരുതിയത്, ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അതും അവസാനപ്പിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് പ്രതീക്ഷ പങ്കുവെച്ചു. ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയാൽ തനിക്ക് നൊബേല്‍ നല്‍കണമെന്ന് ചിലര്‍ പറഞ്ഞിരുന്നതായും ട്രംപ് പറഞ്ഞു. അവരോട് തന്റെ ഇടപെടലില്‍ അവസാനിച്ച മറ്റ് ഏഴ് യുദ്ധങ്ങളുടെ കാര്യമാണ് ചോദിക്കാനുള്ളതെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

Related Posts