എറണാകുളം: എറണാകുളം അയ്യമ്പാറ പഞ്ചായത്തിലെ എരപ്പ് ഭാഗത്തുള്ള പാറമടയിൽ അഴുകിയ മൃതദേഹം. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്നും ഒന്നര മാസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയതെന്നുമാണ് നിഗമനം. സംഭവത്തിൽ അടുത്തിടെ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണത്തിലാണ് പൊലീസ്. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന പാറമടയിലെ കുളത്തിൽ ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ അരയ്ക്ക് താഴേക്കുള്ള ഭാഗമാണ് ശനിയാഴ്ച കണ്ടെത്തിയത്. ബാക്കി ഭാഗങ്ങൾക്കായി ശനിയാഴ്ച തന്നെ സ്കൂബ സംഘമെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഞായറാഴ്ച നടത്തിയ തിരച്ചിലിൽ ചില അസ്ഥികൂടക്കഷ്ണങ്ങൾ കൂടി ലഭിച്ചു. മൃതദേഹത്തിന്റെ കാൽ ഭാഗം കയറ് കൊണ്ട് കെട്ടിയ നിലയിലാണ്. റോവർ അണ്ടർ വാട്ടർ ക്യാമറ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്.
കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം സ്ത്രീയുടേയോ പുരുഷന്റെയോ എന്ന കാര്യം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പെരുമ്പാവൂർ എ എസ് പി ഹാർദ്ദിക് മീണയുടെ നേതൃത്വത്തിൽ അയ്യമ്പാറ പൊലീസും ഫൊറൻസിക് വിദഗ്ധരും സ്കൂബ ചേർന്നായിരുന്നു തിരച്ചിൽ നടത്തിയത്.
















