സൈബർ കുറ്റവാളികൾക്കെതിരെ നിലപാട് കടുപ്പിക്കുമ്പോഴും സൈബർ തട്ടിപ്പ് വലിയതോതിൽ തുടരുകയാണ്. ദില്ലിയിൽ ഡിജിറ്റൽ അറസ്റ്റുവഴി 23 കോടിരൂപയാണ് ഇത്തവണ കൈക്കലാക്കിയത്. റിട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥനാണ് പണം നഷ്ടമായത്. ഗുൽമോഹർ പാർക്കിലെ വീട്ടിൽ 78 കാരനെ ഒരുമാസമാണ് കുറ്റവാളികൾ വെർച്വൽ തടങ്കലിൽ വച്ചത്. ഏകദേശം 23കോടി രൂപയാണ് ഇയാൾക്ക് നഷ്ടപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
നരേഷ് മൽഹോത്രയെന്ന റിട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥനെയാണ് ഇക്വിറ്റി ഓഹരികൾ വിൽക്കാനും പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒന്നിലധികം ഇടപാടുകളായി 22.92 കോടി രൂപ ട്രാൻസ്ഫർ ചെയ്യാനും നിർബന്ധിച്ചത് . മുംബൈ പൊലീസ് ഉദ്യോഗസ്ഥരെന്ന് നടിച്ചായിരുന്നു തട്ടിപ്പ്. മൽഹോത്രയുടെ ആധാർ വിവരങ്ങൾ തീവ്രവാദ ഫണ്ടിംഗിനും പുൽവാമ ഭീകരാക്രമണത്തിനും ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഭയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
ഡിജിറ്റൽ അറസ്റ്റിനെ കുറിച്ച് ആരോടെങ്കിലും വെളിപ്പെടുത്തിയാൽ രണ്ട് പെൺമക്കളെയും അവരുടെ ഭർത്താക്കന്മാരെയും കുട്ടികളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും തട്ടിപ്പിനിരയായ ആൾ പറയുന്നു. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടിയതായി അവകാശപ്പെടുന്ന വ്യാജ കോടതി ഉത്തരവ് തനിക്ക് അയച്ചതായി മൽഹോത്ര പറഞ്ഞു ഈ അടുത്ത കാലത്ത് ഡൽഹിയിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് വഴി നഷ്ടമാകുന്ന എറ്റവും ഉയർന്ന തുകയാണിത്.
മൽഹോത്രയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദില്ലി പൊലീസിലെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണം വേഗത്തിൽ ആരംഭിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. കുറ്റവാളികളുടെ അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യാത്ത ഏകദേശം 1.5 കോടി രൂപ മരവിപ്പിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഓഗസ്റ്റ് 1 ന് മുംബൈ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് നടിച്ച ഒരാൾ ലാൻഡ്‌ലൈനിലേക്ക്ഫോൺ ചെയ്തു . മുംബൈയിൽ ഒരു ലാൻഡ്‌ലൈൻ വാങ്ങാൻ തന്റെ ആധാർ നമ്പർ ദുരുപയോഗം ചെയ്‌തെന്നും തന്റെ എല്ലാ ആശയവിനിമയ മാധ്യമങ്ങളും പ്രവർത്തനരഹിതമാക്കുമെന്നും വിളിച്ചയാൾ പറഞ്ഞതായി പരാതിക്കാരൻ അറിയിച്ചു.തുടർന്ന് തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ, ഡീമാറ്റ് അക്കൗണ്ടുകൾ, ലോക്കറുകൾ, കുടുംബാംഗങ്ങളെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ, അവരുടെ സ്ഥലങ്ങൾ എന്നിവ വ്യക്തമാക്കാൻ നിർബന്ധിച്ചു. തുടർന്നാണ് വൻ തട്ടിപ്പ് നടന്നത്.
സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണ് സൈബർ പൊലീസ്. പല തരത്തിൽ മുൻകരുതലുകൾ നൽകിയിട്ടും മറ്റ് പല മാർഗങ്ങളിലൂടെയും ആളുകളെ തെരഞ്ഞുപിടിച്ച് തട്ടിപ്പ് തുടരുന്ന രീതിയാണ് സംഘം തയ്യാറാക്കുന്നത് എന്നത് സൈബർ വിദഗ്ധരെ വെട്ടിലാക്കുന്നു.
















