Homepage Featured India News

പരീക്ഷ എഴുതും മുൻപേ പാസ്സായെന്നാണ്, മാർക്ക് കിട്ടിയിട്ട് കാണാം; വിജയ്‌യെ പരിഹസിച്ച് എഐഎഡിഎംകെ

ചെന്നൈ: നടനും തമിഴക വെട്രി കഴകം പാർട്ടിയുടെ പ്രസിഡന്റുമായ വിജയ്‌യെ തള്ളി ആൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം. ഡിഎംകെയും ടിവികെയും തമ്മിലാണ് 2026ലെ തിരഞ്ഞെടുപ്പിൽ പോരാട്ടം നടക്കുക എന്ന വിജയ്‌യുടെ പ്രസ്താവന തെറ്റാണെന്നും ഡിഎംകെയുടെ എഐഎഡിഎംകെ മാത്രമാണെന്നും എഐഎഡിഎംകെ എംഎൽഎ ആർ ബി ഉദയകുമാർ പറഞ്ഞു. പരീക്ഷ എഴുതുന്നതിന് മുമ്പേ തന്നെ പാസ്സായെന്നാണ് വിജയ്‌യുടെ അവകാശവാദം പക്ഷേ വിജയ് ഇപ്പോൾ പഠിക്കുകയാണ്. ആദ്യം പരീക്ഷ എഴുതട്ടെ, അതിന്റെ മാർക്ക് കിട്ടിയിട്ട് കാണാമെന്നും ഉദയകുമാർ വിജയ്‌യെ പരിഹസിച്ചു. വിജയ്‌ നൽകുന്ന തെറ്റായ പ്രചാരണങ്ങളിൽ ജനങ്ങൾ ശ്രദ്ധിക്കരുതെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം ശനിയാഴ്ച നാ​ഗപട്ടണത്തിൽ നടന്ന വിജയ്‌യുടെ റാലിക്ക് പിന്നാലെ ടിവികെയുടെ ജില്ലാ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ പൊലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിക്കുക, സ്വകാര്യഭൂമിയിൽ അതിക്രമിച്ച് കയറുക എന്നി കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. വേളാങ്കണ്ണി പള്ളിയുടെ ഉടമസ്ഥതയിലുള്ള കല്യാണമണ്ഡപത്തിന്റെ ചുറ്റുമതിൽ തകർത്തതായും എഫ്ഐആറിൽ ചൂണ്ടികാണിക്കുന്നുണ്ട്. അതിനിടെ തന്റെ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തുന്ന കടുത്ത നിബന്ധനകൾ മോദിക്കും ആർഎസ്എസിനും ബാധകമാക്കുന്നില്ല എന്ന വിജയ്‌യുടെ വിമർശനത്തെ തമിഴ്നാട് സർക്കാർ തള്ളി. കഴിഞ്ഞ വർഷം ചെന്നെയിൽ നടന്ന മോദിയുടെ റാലിക്ക് തമിഴ്നാട് സർക്കാർ അനുമതി നൽകിയത് 20 ഉപാധികളോടെയാണെന്ന് സർക്കാരിന്റെ ഫാക്ട് ചെക് വിഭാഗം വ്യക്തമാക്കി.

Related Posts