Kerala News

ഡി ശിൽപ ഐ പി എസിനെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സുപ്രീംകോടതിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. കേന്ദ്രസർക്കാർ നൽകിയ അപ്പീലിലാണ് നടപടി. കേഡർ മാറ്റം നിലവിൽ പ്രായോഗികമല്ലെന്നാണ് കേന്ദ്ര നിലപാട്.

ശിൽപ അടക്കം എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. കേസിൽ പിന്നീട് വിശദമായ വാദം കേൾക്കും. കർണാടക സ്വദേശിയായ ഡി ശിൽപയെ കേരള കേഡറിൽ ഉൾപ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ മെയ് മാസത്തിലാണ് കേഡ‍ർ മാറ്റത്തിന് ഉത്തരവിട്ടത്. ഡി. ശിൽപയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു, അഭിഭാഷകരായ പി. ജോർജ് ഗിരി, ജാസ്മിൻ കുര്യൻ ഗിരി എന്നിവരാണ് ഹാജരായത്. കർണാടക കേഡറിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. ഇതിനിടെയാണ് കേന്ദ്രം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

2015-ൽ കേഡർ നിർണയിച്ചപ്പോൾ ഉണ്ടായ പിഴവുകാരണമാണ് കർണാടക കേഡറിൽ ഉൾപ്പെടാതെ പോയതെന്നായിരുന്നു ഡി ശിൽപയുടെ വാദം. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽനിന്ന് അനുകൂല ഉത്തരവ് ഉണ്ടാകാതെ വന്നതോടെയാണ് ശിൽപ്പ ഹൈക്കോടതിയെ സമീപിച്ചത്. കേഡർ നിർണയത്തിൽ പിഴവുണ്ടായി എന്ന ഹർജിക്കാരിയുടെ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റാൻ നിർദ്ദേശിച്ചത്.

Related Posts