India Lead News News

മോദിയുടെ ജയം വോട്ട് ചോരിയിലൂടെ; ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി

കൽപ്പറ്റ: വോട്ടർ ക്രമക്കേടിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് ചോരിയിൽ ഒരു ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്നും അത് പൊട്ടിത്തെറിക്കുന്നതിലൂടെ എല്ലാം വെളിപ്പെടുമെന്നും രാഹുൽ ഗാന്ധി വയനാട്ടിൽ പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ നൽകുന്നില്ലെന്നും രാഹുൽ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടപ്പിൽ ജയിച്ചത് വോട്ട് ചോരിയിലൂടെയാണെന്നും അക്കാര്യത്തിൽ ആർക്കും സംശയമില്ലെന്നും രാഹുൽ. വാരണാസിയെ കുറിച്ചാണോ വെളിപ്പെടുത്തൽ എന്ന ചോദ്യത്തിന് എന്താണ് പുറത്തുവരാനുള്ളതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമെന്നമായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി.

വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധി വിളിച്ച രണ്ടാമത്തെ വാർത്ത സമ്മേളനത്തിലും ക്രമക്കേട് സംബന്ധിച്ച കൂടുതൽ തെളിവുകൾ അദ്ദേഹം പുറത്തുവിട്ടിരുന്നു. കോൺഗ്രസിന് വോട്ട് ചെയ്യുന്നവരെ ആസൂത്രിതമായി നീക്കി വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുൽ ആരോപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും രാഹുൽ ആഞ്ഞടിച്ചു. ഇത്തവണ പരാതിക്കാരെയും നേരിട്ട് ഹാജരാക്കിയാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ടുകൊള്ളയ്ക്ക് കൂട്ടു നില്‍ക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ ആരോപണം. വോട്ട് നീക്കം ചെയ്യലിനും വ്യാജ വോട്ട് ചേര്‍ക്കലിനും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒത്താശ ചെയ്യുന്നുവെന്ന് തെളിവുകള്‍ നിരത്തി രാഹുല്‍ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തില്‍ 6,850 വോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നാണ് രാഹുല്‍ പറയുന്നത്. കൂട്ടിച്ചേര്‍ക്കപ്പെട്ട വോട്ടര്‍മാരുടെ വിവരം പരിശോധിക്കുമ്പോള്‍ പല പേരുകള്‍ക്കൊപ്പവും നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറുകള്‍ കൃത്യമല്ല.

Related Posts