പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു അടുത്തമാസം ശബരിമലയിലേക്ക് എത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായി കേരളത്തിന്റെ ദേവസ്വം മന്ത്രി വി എൻ വാസവൻ. ശബരിമലയിലെ സാഹചര്യം എന്താണെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അന്വേഷിച്ചു. തുടർന്ന് ഒക്ടോബർ 20 ന് രാഷ്ട്രപതി എത്തുകയാണെങ്കിൽ സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു.
ഒക്ടോബർ 16 ന് തുലാമാസ പൂജകൾക്കായി ശബരിമല നടതുറക്കും. അപേക്ഷകളിൽ നിന്ന് യോഗ്യത പരിശോധിച്ച ശേഷം മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതും ഒക്ടോബർ മാസം തന്നെയാകും. മാസ പൂജയുടെ അവസാന ദിവസമാണ് ഒക്ടോബർ 20 ഈ ദിവസമാകും രാഷ്ട്രപതിയുടെ സന്ദർശനവും.
ശബരിമല ക്ഷേത്രത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ട് കേരള സംസ്ഥാന ഗവൺമെന്റ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതിനിടെയാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ വാർത്തകളും പുറത്തുവരുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ വിമർശനങ്ങൾക്കുടയിലും എല്ലാവരേയും ഉൾക്കൊണ്ടു കൊണ്ടാകും ശബരിമലയുടെ വികസനപ്രവർത്തനങ്ങളെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഈ അവസരത്തിൽ പ്രസക്തമാണ്. ഭക്തജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ സൈകര്യങ്ങളൊരുക്കി ശബരിമലയെ സുരക്ഷിതമായ തീർത്ഥാടന കേന്ത്രമാക്കി മാറ്റാനുള്ള ശ്രമമാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ നടത്തുന്നതെന്നും പിണറായി പറഞ്ഞിരുന്നു.
കഴിഞ്ഞ മെയ് 30 ന് രാഷ്ട്രപതി ശബരിമല സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പഹൽഗാം ഭീകരാക്രമണത്തിന്റെ പാശ്ചാത്തലത്തിൽ സന്ദർശനെ മാറ്റിവെയ്ക്കുകയായിരുന്നു.
















