Homepage Featured Kerala News

വളങ്ങൾക്ക് വലിയ തോതിൽ വില കൂടുന്നു; കർഷകർ പ്രതിസന്ധിയിൽ

വയനാട്: രാസവളങ്ങൾക്ക് സംസ്ഥാനത്ത് വില കൂടുകയും വിപണിയിൽ കടുത്ത ക്ഷാമം നേരിടുകയും ചെയ്യുന്നു. യൂറിയ, പൊട്ടാഷ്, അമോണിയ, ഡി എ പി ( ഡൈ അമോണിയം ഫോസ്ഫേറ്റ്) കോംപ്ലക്സ് വളങ്ങളായ 16:16:16, 10:26:26, 15:15:15 വളങ്ങൾക്ക് സംസ്ഥാനത്ത് ക്ഷാമം നേരിടുന്നുണ്ട്. വില കൂടിയതോടെ കാർഷിക ചിലവിൽ വൻ വർദ്ധനയുണ്ടായേക്കും.

നിർമ്മാണ മേഖലയിൽ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വളം ഡിപ്പോകളിൽ വളം എത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ട് ചാർജുകൾ വളക്കമ്പനികൾ നൽകാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഈ വിഷയത്തിൽ നേരത്തേ തന്നെ ധാരണകളുണ്ടായിരുന്നുവെന്നും ഇതനുസരിച്ച് വളക്കമ്പനികളാണ് ഡിപ്പോകളിൽ വളമെത്തിക്കേണ്ടതെന്നും കൂട്ടിചേർത്തു. നിലവിൽ വയനാട് ജില്ലയിലേക്കെത്തിക്കേണ്ട വളം കോഴിക്കോട് വരെ മാത്രമാണ് എത്തിക്കുന്നത്. ഇത് ജില്ലയിലെ വളം ഡിപ്പോകളിലെത്തിക്കേണ്ട ബാധ്യത വ്യാപാരികളുടെ തലയിലായി എന്നും അവർ പറയുന്നു.

കർഷകരുടെ ആവശ്യം കൂടി കണക്കിലെടുത്ത് ആവശ്യത്തിനുള്ള വളങ്ങൾ ലഭ്യമാക്കുന്ന വിപുലമായ സംവിധാനമായിരുന്നു മുൻപുണ്ടായിരുന്നത്. ഈ സംവിധാനമാണ് ഇപ്പോൾ താറുമാറോയതെന്ന് കർഷകർ പറയുന്നു. എന്നാൽ കർഷകരെ പ്രതിസന്ധിയിലാക്കാതെ അടുത്ത ദിവസം തന്നെ സ്റ്റോക്ക് എത്തിക്കുമെന്ന് കൃഷിവകുപ്പ് അറിയിച്ചു. കാപ്പി, നെല്ല്, കുരുമുളക്, വാഴ തുടങ്ങിയവയ്ക്ക് ഉപയോ​ഗിക്കുന്ന വളങ്ങൾക്കാണ് വില കൂടിയിരിക്കുന്നത്. മൂന്നു മാസത്തോളമായി 1800 രൂപയ്ക്കാണ് പൊട്ടാഷ് വിൽക്കുന്നത്. മുൻപ് ഇതിന്റെ വില 1500 രൂപയായിരുന്നു. 10:26:26 ന്റെ വില 1450 ൽ നിന്ന് 1850 ആയി ഉയർന്നു. മറ്റുള്ള വളങ്ങൾക്കും സമാനമായ രീതിയിൽ വിലക്കയറ്റമുണ്ടായിട്ടുണ്ട്.

Related Posts