ന്യൂഡൽഹി: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെ പൊതുകടം പത്തു വർഷത്തിനിടെ മൂന്നിരട്ടിയായെന്ന് സി എ ജി റിപ്പോർട്ട്. സംസ്ഥാനങ്ങളുടെ ആകെ കടം 59.6 ലക്ഷം കോടിയായതായും റിപ്പോർട്ടിൽ പറയുന്നു. പത്തുവർഷത്തിന് മുൻപ് ഇത് 17.58 ലക്ഷം കോടിയായിരുന്നു. 31 മാർച്ച് 2023 വരെയുള്ള കണക്കുകൾ പ്രകാരം ആറു സംസ്ഥാനങ്ങൾക്ക് ജി എസ് ഡി പി യുടെ 30 ശതമാനത്തിലധികം പൊതു കട ബാധ്യതയുണ്ട്. ആറു സംസ്ഥാനങ്ങൾക്ക് 20 ശതമാനത്തിൽ കുറവാണ് പൊതുകടം. ബാക്കിയുള്ള 14 സംസ്ഥാനങ്ങൾക്ക് ഇരുപതിനും മുപ്പതിനും ഇടയിലാണ് പൊതുകടം. 2022-23 സാമ്പത്തിക വർഷത്തെ ജി എസ് ഡി പിയുമായി താരതമ്യം ചെയ്താണ് അനുപാതം രേഖപ്പെടുത്തിയത്.
ഇന്ത്യൻ സംസ്ഥാനങ്ങളുടെ കടം സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി എസ് ഡി പി) 16.66 ശതമാനത്തിൽ നിന്ന് 22.96 ശതമാനമായി വർധിച്ചു. ജി എസ് ഡി പി യുമായി ആനുപാതികമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന നിരക്കിൽ കടമുള്ള സംസ്ഥാനം പഞ്ചാബാണ്. 40.35 ശതമാനമാണ് ഇത്. പട്ടികയിൽ തൊട്ടു താഴെയുള്ള നാഗാലാന്റിന് 37.15 ശതമാനവും പശ്ചിമ ബംഗാളിന് 33.70 ശതമാനവുമാണ് കടം. ജി എസ് ഡി പി യുമായി താരതമ്യം ചെയ്താൽ കടം 16.37 ശതമാനമുള്ള ഗുജറാത്ത്, 14.64 ശതമാനമുള്ള മഹാരാഷ്ട്ര, 8.45 ശതമാനമുള്ള ഒഡിഷ എന്നീ സംസ്ഥാനങ്ങൾക്കാണ് പട്ടികയിൽ ഏറ്റവും കുറഞ്ഞ നിരക്കുള്ളത്. ഏറ്റവും താഴ്ന്ന നിരക്കുള്ളത് ഒഡിഷയ്ക്കാണ്.
ട്രഷറി ബില്ലുകൾ, ബോണ്ടുകൾ സെക്യൂരിറ്റീസ് എന്നിവയെല്ലാം പൊതു കടമായാണ് കണക്കാക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് എടുക്കുന്ന ലോണുകൾ, എൽ ഐ സി, നബാർഡ് പോലുള്ള മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുക്കുന്ന ലോണുകൾ, റിസർവ് ബാങ്കിൽ നിന്ന് ലഭിക്കുന്ന ഹ്രസ്വകാല വായ്പകൾ (വേയ്സ് ആന്റ് മീൻസ് അഡ്വാൻസസ് ) എന്നിവയും സംസ്ഥാനങ്ങളുടെ പൊതു കടമായാണ് കണക്കാക്കുന്നത്.
കടമെടുക്കാനുള്ള മാനദണ്ഡങ്ങളനുസരിച്ച് (ഗോൾഡൻ റൂൾ ഓഫ് ബോറോയിങ്) നിക്ഷേപങ്ങൾക്കോ മുതൽ മുടക്കിനോ വേണ്ടി മാത്രമേ സംസ്ഥാനങ്ങൾ കടമെടുക്കാവൂ. എന്നാൽ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ 11 സംസ്ഥാനങ്ങൾ നിത്യ ചിലവുകൾക്കോ സ്ഥാപനങ്ങളുടെ നടത്തിപ്പിനായോ കടമെടുക്കാറുണ്ട്.സംസ്ഥാന ധനകാര്യ സെക്രട്ടറിമാരുടെ കോൺഫെറൻസിൽ വെച്ച് കൺട്രോളർ ആന്റ് ഓഡിറ്ററ് ജനറൽ കെ സഞ്ജയ് മൂർത്തി പുറത്തു വിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
















