Homepage Featured Local News

ബിജെപി നേതൃത്വത്തിനെതിരെ ആത്മഹത്യ കുറിപ്പ്; തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയിലെ തിരുമല വാർഡ് കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്തു. ബി ജെ പി നേത‍ൃത്വത്തിനെതിരെ ​ ആരോപണങ്ങളുന്നയിച്ച് അനിൽ കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് കണ്ടെത്തി. തിരുമല കൗൺസിലർ ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്.

അനിൽ കുമാർ ഭാരവാഹിയായ സൊസൈറ്റിയിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ബിജെപി സഹായിച്ചില്ലെന്ന ആരോപണമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. താൻ ഈ സാമ്പത്തിക പ്രശ്നങ്ങളിൽ നിരപരാധിയാണെന്നും അനിൽ കുമാർ പറയുന്നു. തിരുവനന്തപുരത്തുള്ള വലിയശാല ടൂർ സൊസൈറ്റിയിൽ ഭാരവാഹിയായിരുന്നു അനിൽ കുമാർ

വലിയശാല ഫാം ടൂർ സൊസൈറ്റിക്ക് 11 കോടിയുടെ ആസ്തിയാണ് ഉള്ളത്. ആറ് കോടിയോളം രൂപ വായ്പ നൽകിയിട്ടുള്ള സൊസൈറ്റിക്ക് 6 കോടിയോളം ബാധ്യതയുമുണ്ട്. തുടങ്ങിയ വിവരങ്ങളും ആത്മഹത്യാക്കുറിപ്പിലുണ്ട്.

അതേസമയം അനിൽ കുമാർ പ്രസിഡണ്ടായിരുന്ന ബാങ്കിൽ ക്രമക്കേടുണ്ടായിരുന്നില്ലെന്നും വായ്പയെടുത്തവർ തിരിച്ചടക്കാത്തതു മൂലമുണ്ടായ പ്രതിസന്ധിയാണ് ഉണ്ടായിരുന്നതെന്നുമാണ് ബി ജെ പി സിറ്റി പ്രസിഡണ്ട് കരമന ജയൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാർട്ടി നേതാക്കൾ വായ്പ്പയെടുത്തവരെ നേരിട്ടു ബന്ധപ്പെട്ട് വായ്പ തിരികെയടക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നും അനിൽകുമാറിനൊപ്പം നിന്നിരുന്നെന്നും കരമന ജയൻ പറഞ്ഞു. 2024 വരെയുള്ള ഓഡിറ്റ് കൃത്യമായി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരം ന​ഗരസഭാ കൗൺസിലർ അനിൽ കുമാറിന് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് അദ്ദേഹം തന്നെ അറിയിച്ചിരുന്നതായും ന​ഗരസഭ എല്ലാ സഹായങ്ങളും നൽകുമെന്ന് വാ​ഗ്ദാനം നൽകിയിരുന്നതായും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.

(ആത്മഹത്യ പ്രശ്നങ്ങൾക്ക് പരിഹാരമല്ല. മാനസികാരോ​ഗ്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ആത്മഹത്യാ പ്രവണതകളിലേക്ക് നയിക്കുന്നത്. മാനസികാരോ​ഗ്യ വിദ​ഗ്ഘരുടെ സഹായം തേടാൻ ദിശ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം ഹെൽപ് ലൈൻ നമ്പർ:1056, 0471-2552056)

Related Posts