വയനാട്: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും, സോണിയ ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാൽ എംപിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫും കോൺഗ്രസ് നേതാക്കളും ചേർന്ന് ഇരുവരേയും സ്വീകരിച്ചു. രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയതിനു പിന്നാലെ ഹെലികോപ്റ്റർ മാർഗമാണ് വയനാട്ടിലെത്തിയത്. വയനാട് ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറങ്ങിയത്.
സ്വകാര്യ സന്ദര്‍ശനത്തിനായാണ് ഇരുവരും വയനാട്ടിലെത്തുന്നതെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യയില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇരുവരും നാട്ടിലെത്തുന്നത്. ഒരു ദിവസത്തെ സന്ദര്‍ശനമായിരിക്കും നടക്കുകയെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
ജില്ല നേതാക്കന്‍മാരുമായി സോണിയയും, രാഹുലും കൂടിക്കാഴ്ച്ച നടത്തും. വയനാട് എംപിയായ പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പര്യടനത്തിന് പിന്നാലെയാണ് ഇരുവരുടെയും സന്ദര്‍ശനം. വയനാട്ടിലെത്തിയ പ്രിയങ്ക പ്രാദേശിക നേതാക്കളുടെ ആത്മഹത്യയില്‍ ജില്ല നേതൃത്വത്തോട് വിവരം തേടിയിരുന്നു.
















