India News

ഉത്തരാഖണ്ഡിലും ഹിമാചലിലും മഴ ശക്തം; നാഷണല്‍ ഹൈവേകളടക്കം 600 റോഡുകൾ അടഞ്ഞു കിടക്കുന്നു

ഉത്തരാഖണ്ഡ്:  മഴ ശക്തമായി തുടരുന്ന ഉത്തരാഖണ്ഡില്‍ വ്യാഴാഴ്ച്ചയുണ്ടായ മണ്ണിടിച്ചലില്‍ 2 പേര്‍ മരണം. ചമോലി ജില്ലയിലെ നാലു ഗ്രാമങ്ങളിലാണ് മണ്ണിടിച്ചലുണ്ടായത്. നാല്‍പതിലധികം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. അഞ്ചു പേരെ പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തി. ധുര്‍മ കുന്താരി ലഗാഫാലി വില്ലേജുകളിലായി അഞ്ചു പേരെ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (എസ്ഇഒഎസ്) രക്ഷപ്പെടുത്തി. 

അതേസമയം പ്രദേശത്തെ ഗതാഗത സംവിധാനങ്ങൾ ആകെ താറുമാറായിരിക്കുകയാണ്. ഹിമാചല്‍ പ്രദേശില്‍ മഴ ശക്തമായതോടെ രണ്ടു ദേശീയ പാതകളടക്കം 606 റോഡുകള്‍ അടച്ചു. അടാരി ലേ റോഡ് (എൻഎച്ച് 3) അമൃത്സര്‍ ഭോട്ട റോഡ് (എൻഎച്ച് 503 എ) എന്നിവയാണ് അടച്ചത്. 

കുല്ലു ജില്ലയിലാണ് ഏറ്റവുമധികം റോഡുകള്‍ അടച്ചത്. ഇവിടെ 203 റോഡുകളാണ് അടച്ചത്. മാണ്ഡിയില്‍ 198 റോഡുകളും ഷിംലയില്‍ 51 റോഡുകളും അടച്ചതായി എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. വിവിധ ഗ്രാമങ്ങളിലേക്കുള്ള റോഡുകളും അടഞ്ഞുകിടക്കുകയാണ്. ചില പ്രദേശങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. 

ഇതുവരെ ഹിമാചൽ പ്രദേശിൽ ആകെ 4,489.05 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. മൺസൂൺ കാലത്ത് സംസ്ഥാനത്തുണ്ടായ പേമാരിയിലും തുടർന്നുണ്ടായ വിവിധ പ്രകൃതി ദുരന്തങ്ങളിലും ഏകദേശം 229 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 140 മണ്ണിടിച്ചിലുകൾ, 97 മിന്നൽ വെള്ളപ്പൊക്കങ്ങൾ, 46 മേഘസ്ഫോടനങ്ങൾ എന്നിവ സംസ്ഥാനത്തുടനീളം വലിയ നാശനഷ്ടങ്ങൾക്ക് കാരണമായി.

Related Posts