Lead News News World

ഇന്ത്യൻ ടെക്കിയെ അമേരിക്കൻ പൊലീസ് വെടിവച്ചു കൊന്നത് എന്തിന്? പൊലീസും കുടംബവും പറയുന്നതെന്ത്

വാഷിങ്ടൻ: അമേരിക്കൻ പൊലീസിന്റെ വെടിയേറ്റാണ് തെലങ്കാനയിൽ നിന്നുള്ള സോഫ്റ്റ് വെയർ എഞ്ചിനീയർ മുഹമ്മദ് നിസാമുദീൻ എന്ന മുപ്പതുകാരൻ കൊല്ലപ്പെടുന്നത്. കാലിഫോർണിയയിലെ സാന്റ ക്ലാരയിലാണ് സംഭവം. ഇയാൾ താമസിക്കുന്ന വീട്ടിലാണ് പൊലീസെത്തി ഇയാൾക്ക് നേരെ വെടിയുതിർക്കുന്നത്. പൊലീസും മുഹമ്മദ് നിസാമിദീന്റെ കുടുംബവും ഇക്കാര്യം സ്ഥിരീകരിക്കുന്നു. സെപ്റ്റംബർ മൂന്നിനാണ് സംഭവം നടക്കുന്നത്. എന്നാൽ വ്യാഴാഴ്ച മാത്രമാണ് ഇയാളുടെ കുടുംബം ഇക്കാര്യമറിയുന്നതും. 

താമസസ്ഥലത്ത് ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയതെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദ് നിസാമുദിന്റെ കുത്തേറ്റ ആൾക്ക് ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. ഇതേതുടർന്ന് മുഹമ്മദ് നിസാമുദ്ദീനെ വെടിവച്ചെന്നും പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. നാലു തവണ പൊലീസ് നിസാമുദ്ദീന് നേരെ വെടിവച്ചതായാണ് റിപ്പോർട്ട്. 

“എന്നാൽ പൊലീസ് മുറിയിലേക്ക് കടന്നുവന്ന് പെട്ടന്ന് തന്നെ നിസാമുദീന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പൊലീസ്  മുറിയിൽ പ്രവേശിച്ചപ്പോൾ, അവർ അവിടെ ഉണ്ടായിരുന്നവരോട് കൈ കാണിക്കാൻ ആവശ്യപ്പെട്ടു. ഒരാൾ കാണിച്ചു, നിസാമുദീൻ അത് അനുസരിച്ചില്ല. തുടർന്ന് പൊലീസ് നാല് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ശരിയായ അന്വേഷണം നടന്നില്ല, വെടിവയ്പ്പ് വളരെ പെട്ടെന്ന് സംഭവിച്ചു എന്നത് അങ്ങേയറ്റം ഖേദകരമാണ്.” നിസാമുദീന്റെ ബന്ധു ഹസ്നുദീൻ പറഞ്ഞു. 

നിസാമുദ്ദീന്റെ മരണത്തിനുപിന്നില്‍ വംശീയ വിവേചനമാണെന്ന് കുടുംബം ആരോപിച്ചായി എന്‍ഡിടിവിയും റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ട് നിസാമുദീന്റെ ബന്ധുക്കൾ ഇന്ത്യൻ എംബസിക്ക് കത്തയച്ചു. മകന്റെ മൃതശരീരം നാട്ടിലെത്തിക്കാന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോട് നിസാമിദിന്റെ പിതാവ് സഹായം തേടിയിട്ടുണ്ട്.

Related Posts