Homepage Featured India News

‘ഹാഫിസ് സയീദിനെ സന്ദർശിച്ചതിൽ മൻമോഹൻ സിംഗ് തന്നോട് നന്ദി പറഞ്ഞു’; വെളിപ്പെടുത്തലുമായി യാസീൻ മാലിക്

ന്യൂഡൽഹി: ലഷ്കർ-ഇ-തൊയ്ബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചതിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നേരിട്ട് നന്ദി പറഞ്ഞുവെന്ന് വെളിപ്പെടുത്തലുമായി ഭീകരവാദത്തിന് ധനസഹായം നൽകിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് ഭീകരൻ യാസിൻ മാലിക്. 2006ൽ ഹാഫിസുമായി നടത്തിയ കൂടിക്കാഴ്ച സ്വന്തം തീരുമാനപ്രകാരമല്ലെന്നും പാകിസ്ഥാനുമായുള്ള സമാധാന പ്രക്രിയയുടെ ഭാഗമായി മുതിർന്ന ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണെന്നും യാസീൻ ഓഗസ്റ്റ് 25ന് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു. 2005-ലെ കശ്മീർ ഭൂകമ്പത്തിന് പിന്നാലെ പാകിസ്ഥാൻ സന്ദർശിക്കുന്നതിന് മുൻപ് അന്നത്തെ ഇന്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടർ വി.കെ. ജോഷി തന്നെ ഡൽഹിയിൽ കണ്ടിരുന്നുവെന്നും യാസീൻ തന്റെ പ്രസ്താവനയിൽ പറയുന്നു.

അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കാൻ പാകിസ്ഥാൻ രാഷ്ട്രീയ നേതൃത്വത്തിനൊപ്പം സയീദ് ഉൾപ്പെടെയുള്ള തീവ്രവാദ വ്യക്തികളുമായും ബന്ധപ്പെടാനും ആ അവസരം ഉപയോഗിക്കണമെന്ന് ജോഷി അഭ്യർത്ഥിച്ചിരുന്നതായി പറയുന്നു. സംഭാഷണത്തിൽ തീവ്രവാദ നേതാക്കളെ കൂടി ഉൾപ്പെടുത്തിയില്ലെങ്കിൽ പാകിസ്ഥാനുമായി സംഭാഷണം നടത്തുന്നതിൽ അർത്ഥമുണ്ടാകില്ലെന്നും തന്നോട് പറഞ്ഞതായി യാസീൻ അവകാശപ്പെട്ടു. ഈ അഭ്യർത്ഥന മാനിച്ചാണ് പാകിസ്ഥാനിൽ നടക്കുന്ന ഒരു ചടങ്ങിൽ സയീദിനെയും യുണൈറ്റഡ് ജിഹാദ് കൗൺസിലിലെ മറ്റ് നേതാക്കളെയും കാണാൻ താൻ സമ്മതിച്ചത്. സയീദ് എങ്ങനെയാണ് ജിഹാദി ഗ്രൂപ്പുകളുടെ സമ്മേളനം സംഘടിപ്പിച്ചതെന്നും തീവ്രവാദികളോട് സമാധാനം സ്വീകരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഒരു പ്രസംഗം നടത്തിയതെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ വിവരിച്ചിട്ടുണ്ട്.

ഇസ്ലാമിക ധാർമികതയെ അടിസ്ഥാനമാക്കി അക്രമത്തിന് പകരം അനുരഞ്ജനത്തിനാണ് താൻ പ്രാധാന്യം നൽകിയതെന്നും, “ആര് സമാധാനം വാഗ്ദാനം ചെയ്താലും അത് സ്വീകരിക്കണം” എന്ന സന്ദേശമാണ് താൻ അവിടെ ഉന്നയിച്ചതെന്നും യാസീൻ പറഞ്ഞു. എന്നാൽ പിന്നീട് ഈ കൂടിക്കാഴ്ച തന്നെ ഭീകര ഗ്രൂപ്പുകളുമായുള്ള ബന്ധത്തിന്റെ തെളിവായാണ് ചിത്രീകരിച്ചത്. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന് ശേഷം, ഐബിയുമായി വിശദീകരണം നടത്തിയെന്നും, തുടർന്ന് പ്രധാനമന്ത്രിയോട് നേരിട്ട് കാര്യങ്ങൾ വിശദീകരിക്കാൻ അവർ ആവശ്യപ്പെട്ടതായും യാസീൻ പറഞ്ഞു. അന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം.കെ. നാരായണന്റെ സാന്നിധ്യത്തിലാണ് ദില്ലിയിൽ അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടതെന്നും യാസീൻ മാലിക് കൂട്ടിച്ചേർത്തു.

Related Posts