Features Homepage Featured News

ചിമ്പാന്‍സികളും മദ്യപ്രിയർ, ദിവസവും അകത്താക്കുന്നത് 14 ഗ്രാം എഥനോള്‍

ചിത്രത്തിന് കടപ്പാട് earth.com

ചിമ്പാന്‍സികളും മദ്യപ്രിയർ എന്ന് പഠന റിപ്പോർട്ട്. പഴങ്ങളില്‍ നിന്നും ചിമ്പാന്‍സികള്‍ അകത്താക്കുന്ന എഥനോള്‍ മനുഷ്യര്‍ മദ്യപാനത്തിലൂടെ അകത്താക്കുന്ന ആല്‍ക്കഹോളിന് സമാനമാണെന്നാണ് സയന്‍സ് അഡ്വാന്‍സ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. പഴങ്ങളില്‍ നിന്നാണ് ചിമ്പാന്‍സികള്‍ എഥനോള്‍ അകത്താക്കുന്നത്. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന എഥനോള്‍ കാരണം ദിവസവും ഒരു ആല്‍ക്കഹോളിക് ഡ്രിങ്കിന് തുല്യമായ അളവില്‍ മദ്യം ചിമ്പാന്‍സികളുടെ അകത്തെത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. മനുഷ്യരുടെ മദ്യപാനശീലത്തെ വിശദീകരിക്കാന്‍ ഈ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

ഐവറികോസ്റ്റിലെയും ഉഗാണ്ടയിലെയും രണ്ടു തരം ചിമ്പാന്‍സികളെയും അവര്‍ കഴിച്ച പഴങ്ങളെയും സാമ്പിള്‍ ആയി എടുത്താണ് ബെര്‍ക്കിലി സര്‍വകലാശാലാ ഗവേഷകര്‍ പഠനം നടത്തിയത്. ഉഗാണ്ടയിലെയും ഐവറികോസ്റ്റിലെയും 20 ഇനം പഴങ്ങളുടെ പള്‍പ്പ് മൂന്ന് വ്യത്യസ്ത രീതികളിലൂടെ സാംപിള്‍ ചെയ്ത് പരിശോധിച്ചപ്പോള്‍ ഈ പഴങ്ങളില്‍ ശരാശരി 0.31% മുതല്‍ 0.32% വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകസംഘം കണ്ടെത്തി.

ചിമ്പാന്‍സികള്‍ ദിവസവും നാലര കിലോയോളം പഴങ്ങള്‍ കഴിക്കുന്നു എന്നാണ് കണക്ക്. ഇതിലൂടെ ഇവരുടെ ശരീരത്തില്‍ 14 ഗ്രാം എഥനോള്‍ (രാജ്യാന്തര മാനദണ്ഡം അനുസരിച്ച് 1.4 സ്റ്റാന്‍ഡേര്‍ഡ് ആല്‍ക്കഹോളിക് ഡ്രിംഗ്‌സിനു തുല്യം) എത്തുന്നു. എഥനോളിന്റെ അളവ് പഴങ്ങളില്‍ കുറവാണെങ്കിലും കൂടുതല്‍ കഴിക്കുന്നതിനാലാണ് ഇത്രയും എഥനോള്‍ അകത്തെത്തുന്നതെന്ന് ഗവേഷണത്തിന് നേത്വത്വം നല്‍കിയ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഇന്റഗ്രേറ്റീവ് ബയോളജി പ്രൊഫ. റോബര്‍ട്ട് ഡഡ്ലി, അലക്‌സേയ് മാരോ എന്നിവർ പറയുന്നു.

ചിമ്പാൻസികളും മദ്യം കഴിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന ഗവേഷണങ്ങൾ ശാസ്ത്ര സമൂഹത്തിൽ വളരെക്കാലമായി പ്രചരിച്ചിരുന്നു. ചിമ്പാൻസികൾ സാധാരണയായി പ്രതിദിനം 4.5 കിലോഗ്രാം (10 പൗണ്ട്) പഴങ്ങൾ കഴിക്കാറുണ്ടെന്നും പഠന സംഘം കണ്ടെത്തി, അതായത് അവർ പ്രതിദിനം ഏകദേശം 14 ഗ്രാം (0.5 ഔൺസ്) എത്തനോൾ കഴിച്ചിരുന്നു. ഓരോ പഠന സ്ഥലത്തും ഏറ്റവും സാധാരണയായി കഴിക്കുന്ന പഴങ്ങളിൽ – ഉഗാണ്ടയിലെ ഒരു തരം അത്തിപ്പഴവും ഐവറി കോസ്റ്റിലെ പ്ലം പോലുള്ള ഒരു പഴവും – ഏറ്റവും കൂടുതൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ നിരീക്ഷിച്ചു. ഈ രീതിയിൽ മദ്യം കഴിക്കുന്നതിലൂടെ ചിമ്പാൻസികൾ ലഹരിയിലാകാനുള്ള സാധ്യത കുറവാണ്, കാരണം അവ “ദിവസം മുഴുവൻ” പഴങ്ങൾ കഴിക്കുന്നു. ലഹരിയിലായാൽ പ്രവർത്തനം നടക്കില്ല എന്നതാണ് നിഗമനം.

Related Posts