Homepage Featured Local News

കുതിപ്പ് തുടർന്ന് കൊച്ചി മെട്രോ; ദിവസം ഒരു ലക്ഷത്തിലേറെ യാത്രക്കാർ

കൊച്ചി: കൊച്ചിയുടെ പൊതു ഗതാഗത സംവിധാനങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കി കൊച്ചി മെട്രോ. ഓ​ഗസ്റ്റ് മാസത്തെ കണക്കുകളനുസരിച്ച് കൊച്ചി മെട്രോയിൽ ദിവസം യാത്ര ചെയ്യുന്നത് ശരാശരി ഒരു ലക്ഷത്തിലേറെപ്പേരാണ്. 34.10 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ മാസം മെട്രോയിൽ യാത്ര ചെയ്തത്. മുൻ മാസത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 2 ലക്ഷത്തിലധികം വർധനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ജനുവരിയിൽ 31.59 ലക്ഷം, ഫെബ്രുവരിയിൽ 26.22 ലക്ഷം, മാർച്ചിൽ 25.69 ലക്ഷം ഏപ്രിലിൽ 28.05 ലക്ഷം മെയിൽ 31.58 ലക്ഷം എന്നിങ്ങനെയാണ് ആകെ യാത്രക്കാരുടെ എണ്ണം. കൊച്ചി മെട്രോ പ്രവർത്തനമാരംഭിച്ചിട്ട് 8 വർഷം പിന്നിട്ടു. മെട്രോ റെയിലും വാട്ടർ മെട്രോയും ന​ഗരത്തിന്റെ നികസനക്കുതിപ്പിന് വേ​ഗം നൽകി വിജയകരമായി മുന്നോട്ടു പോകുന്നു.  രാജ്യത്തെ 21 കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ മാതൃക പിന്തുടരാനൊരുങ്ങുണ്ട്. ഇത് യാഥാർത്ഥ്യമാകുന്നതോടെ വാട്ടർമെട്രോ സുസ്ഥിര ന​ഗര ​ഗതാ​ഗത രം​ഗത്തെ ദേശീയ ബ്രാൻഡായി മാറും.  

കഴിഞ്ഞവർഷത്തെ യാത്രക്കാരുടെ എണ്ണം 3.5 കോടിയായിരുന്നു. ഈ വർഷം 3.65 കോടി യാത്രക്കാരെങ്കിലും മെട്രോയ്ക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി മെട്രോയിൽ യുവാക്കളാണ് കൂടുതലായി യാത്ര ചെയ്യുന്നത്. വൃത്തിയും ശീതീകരിച്ചതുമായ ട്രെയിൻ എന്നതാണ് മെട്രോയെ വ്യത്യസ്ഥമാക്കുന്നത്.

അതേസമയം, ആലുവയില്‍നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്കുള്ള കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന്റെ വിശദമായ പദ്ധതി രൂപരേഖ (ഡിപിആര്‍) തയ്യാറാക്കാന്‍ പഠനം തുടങ്ങി.ഹരിയാണ ആസ്ഥാനമായുള്ള സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് കൊച്ചി മെട്രോയ്ക്കുവേണ്ടി ഡിപിആര്‍ തയ്യാറാക്കുന്നത്. 1.03 കോടി രൂപ ചെലവഴിച്ചുള്ള ഡിപിആര്‍ ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. 

ഏറെ തിരക്കുള്ള ജെഎൽഎൻ സ്റ്റേഡിയം മുതൽ ഐടി കേന്ദ്രമായ കാക്കനാട് വരെ നീളുന്നതാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. രണ്ടാം ഘട്ടത്തിലെ ആദ്യ 5 സ്റ്റേഷനുകൾ അടുത്ത വർഷം ജൂൺ 30ന് തുറക്കും. ബാക്കിയുള്ള അഞ്ച് സ്റ്റേഷനുകളുടെ നിർമാണം പിന്നാലെ പൂർത്തിയാകും. രണ്ടാം ഘട്ടം ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാടുവഴി ഇൻഫോപാർക്കുവരെ നീളുന്നതാണ്. 11.2 കിലോമീറ്റർ ദൈർഘ്യത്തിലാണ് കൊച്ചി മെട്രോ രണ്ടാം ഘട്ടം പൂർത്തിയാകുന്നത്.

Related Posts