ഇംഫാൽ: സൈനിക വ്യൂഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ തോക്ക് ധാരികളുടെ വെടിവയ്പ്പ്. സംഭവത്തിൽ അസാം റൈഫിൾസിലെ ജവാന് വീരമൃത്യു. ബിഷ്ണുപൂർ ജില്ലയിലാണ് സുരക്ഷാ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരായ തോക്കുധാരികൾ ആക്രമണം നടത്തിയത്. വാഹനവ്യൂഹം കടന്ന് വരവേ പതിയിരുന്ന് അക്രമണം നടത്തുകയായിരുന്നു. നാല് ജവാന്മാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു ആക്രമണം. 33 അംഗങ്ങളുമായി സൈനിക വാഹനം ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് സഞ്ചരിക്കുകയായിരുന്നു. മണിപ്പൂർ മുൻ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ആക്രമണത്തെ അപലപിച്ചു. സംസ്ഥാനത്തിനേറ്റ ക്രൂരമായ പ്രഹരമെന്നാണ് വിശേഷിപ്പിച്ചത്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ച് സ്ഥലത്ത് പരിശോധന കർശനമാക്കി. ഇവിടെ വാഹനപരിശോധനയും കർശനമാക്കി. രാഷ്ട്രപതി ഭരണം മണിപ്പൂരിൽ ആരംഭിച്ചതിന് ശേഷം പൊലീസിനോ സൈന്യത്തിന് നേരെയോ ആക്രമണം നടന്നിരുന്നില്ല. പ്രദേശത്ത് അതീവജാഗ്രതാ നിർദേശം നൽകി.
















