കേന്ദ്രസർക്കാറിനേയും ബിജെപിയേയും കടുത്ത ഭാഷയിൽ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും തമിഴ്നാടിനെ ഒരിക്കലും തല കുനിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപക ദിനവും പെരിയാറിന്റെയും അണ്ണായുടെയും ജന്മവാര്‍ഷികവും പ്രമാണിച്ച് കരൂരില്‍ നടന്ന ‘മുപ്പെരും വിഴ’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി.
എല്ലാ കാലത്തും ഫാസിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിച്ച സർക്കാറാണ് എം കെ സ്റ്റാലിന്റേത്. അതിന്റെ തുടർച്ചായി തന്നെയാണ് ഈ വിമർശനവും. കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും പ്രസംഗത്തിനിടെ സ്റ്റാലിന്‍ കടന്നാക്രമിക്കുകയും ചെയ്തു. ഇരട്ട അക്ക സാമ്പത്തിക വളര്‍ച്ച കൈവരിച്ച ഏകസംസ്ഥാനം തമിഴ്നാടാണെന്ന് പറഞ്ഞുകൊണ്ട് സര്‍ക്കാരിന്റെ പ്രധാന പദ്ധതികളും നേട്ടങ്ങളും സ്റ്റാലിന്‍ വിശദീകരിക്കുകയും ചെയ്തു.
ബിജെപിക്കെതിരായ ശക്തമായ നിലപാടും കേന്ദ്രത്തിന്റെ അമിതമായ ഇടപെടലിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായിരുന്നു സ്റ്റാലിന്റെ പ്രസംഗത്തിലെ പ്രധാനഭാഗം. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ മുതല്‍ വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവെക്കുന്നു എന്ന ആരോപണം വരെ ഇതില്‍ ഉള്‍പ്പെട്ടു. തമിഴ്നാടിനുമേല്‍ കേന്ദ്രം സാംസ്‌കാരികവും ഭരണപരവുമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചു. മണ്ഡല പുനര്‍നിര്‍ണയവും മറ്റ് ഇടപെടലുകളും പോലുള്ള നടപടികളിലൂടെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്ക് ഭീഷണിയുണ്ടാക്കുന്നുവെന്നും എം കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു.
കേന്ദ്രത്തിന്റെ പല നീക്കങ്ങളെയും ശക്തമായി വിമര്‍ശിച്ച സ്റ്റാലിന്‍ സംസ്ഥാനങ്ങളെ ദുര്‍ബലമാക്കുന്ന കേന്ദ്രനയങ്ങളെ ഡിഎംകെ ഒരിക്കലും അനുവദിക്കില്ലെന്നും വ്യക്തമാക്കി. കശ്മീരിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം ഫെഡറലിസത്തിന്റെയും ഭാഷാപരമായ അവകാശങ്ങളുടെയും സംരക്ഷണം ഇപ്പോള്‍ ഒരു തലമുറയുടെ കടമയാണെന്ന് പറഞ്ഞു. ഇപ്പോള്‍ ബിജെപിയെ തടഞ്ഞില്ലെങ്കില്‍, അടുത്തത് അവര്‍ സംസ്ഥാനങ്ങളില്ലാത്ത ഒരു രാജ്യത്തെ സൃഷ്ടിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ബിജെപിക്ക് സംസ്ഥാനത്ത് പ്രവേശനമില്ലെന്നും മൂന്നാം തവണ അധികാരത്തില്‍ വന്നിട്ടും മോദി മാജിക് തമിഴ്നാട്ടില്‍ വിലപ്പോകില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും എ ഐ എ ഡിഎംകെ അധ്യക്ഷനുമായ എടപ്പാടി കെ. പഴനിസ്വാമിയെയും സ്റ്റാലിന്‍ പ്രസംഗത്തിൽ വിമർശിച്ചു. പാര്‍ട്ടിയുടെ സ്വാതന്ത്ര്യം പഴനിസ്വാമി ബിജെപിക്ക് മുന്നില്‍ അടിയറ വെച്ചതായി അദ്ദേഹം ആരോപിച്ചു. റെയ്ഡുകളില്‍ നിന്ന് രക്ഷപ്പെടാനായി അദ്ദേഹം എഐഎഡിഎംകെയെ പണയപ്പെടുത്തി എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാട് അണ്ണാദുരൈയുടെ തത്വങ്ങളോടുള്ള വഞ്ചനയാണെന്ന് വിശേഷിപ്പിച്ച സ്റ്റാലിൻ പഴയ’അണ്ണായിസം’ ഇപ്പോള്‍ അടിമത്തമായി മാറിയെന്നും വിമർശിച്ചു.
















