തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ ക്രൂരമായ മർദ്ദനത്തിനിരയാക്കിയ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യു ഡി എഫ് എം എൽ എ മാർ നടത്തുന്ന സത്യാഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.
മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷറഫ്, ചാലക്കുടി എംഎൽഎ ടി.ജെ സനീഷ് കുമാർ ജോസഫ് എന്നിവരാണ് സമരം ചെയ്യുന്നത്. പിരിച്ചുവിടൽ ഉത്തരവു വരും വരെ സമരം തുടരാനാണ് യു ഡി എഫ് തീരുമാനം. മുസ്ലിം ലീഗിന്റെയും കോൺഗ്രസ്സിന്റെയും എം.എൽ.എ മാരാണ് ഇവർ.
എൽഡിഎഫ് ഭരണകാലത്തെ പോലീസ് അതിക്രമങ്ങളിൽ ജനരോഷം ശക്തമാകുന്നതിനിടെ മുത്തങ്ങ ആദിവാസി സമരഭൂമിയിൽ പോലീസ് നടത്തിയ അതിക്രമണത്തെക്കുറിച്ച് എ കെ ആന്റണി നടത്തിയ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങൾ യു ഡി എഫ് നേതൃത്വത്തിന് തലവേദനയാണ്. വർഷങ്ങളായി എൽ ഡി എഫ് മുത്തങ്ങ സമരത്തിനെ വിമർശന വിധേയമാക്കിയപ്പോഴും യുഡിഎഫ് വേണ്ടത്ര പ്രതിരോധിച്ചില്ലെന്നും ആന്റണി വിമർശനമുന്നയിച്ചിരുന്നു. ശിവഗിരി മുത്തങ്ങ മാറാട് തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടതോടെ വിഷയം വീണ്ടും ചർച്ചയായി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികാരോപണവുവായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതിസന്ധിയിലായ യുഡി എഫ് നേതൃത്വത്തിന് ആന്റണിയുടെ വാർത്താസമ്മേളനം പുതിയ തലവേദനയാണെന്ന കാര്യത്തിൽ സംശയമില്ല.
















